ന്യൂഡല്‍ഹി: കോവിഡ് രോഗം സുഖപ്പെടുത്തുമെന്ന് അവകാശപ്പെട്ട് യോഗ ഗുരു രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ മരുന്ന് വില്‍പ്പന നടത്താനാകില്ലെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം. കോവിഡ് 19 രോഗത്തെപ്പറ്റി മരുന്നിന്റെ ലേബലില്‍പോലും അവകാശവാദം ഉന്നയിക്കാനാവില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ദിവ്യ കോറോണില്‍ ടാബ്‌ലെറ്റ് അടക്കമുള്ളവയുടെ പാക്കേജിലോ ലേബലിലോ കോവിഡ് രോഗം ഭേദമാക്കുമെന്ന അവകാശവാദം ഉന്നയിക്കാന്‍ പാടില്ലെന്ന് ഉത്തരാഖണ്ഡ് ലൈസന്‍സിങ് അതോറിറ്റിക്ക് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ ഡ്രഗ് പോളിസി വിഭാഗം അയച്ച ഇമെയിലില്‍ വ്യക്തമാക്കിയിരുന്നു. ഡ്രഗ്‌സ് ആന്‍ഡ് മാജിക് റെമഡീസ് ആക്ടിലെ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് മാത്രമെ മരുന്നിന്റെ പരസ്യങ്ങളും മറ്റു പ്രചാരണ പ്രവര്‍ത്തനങ്ങളും പാടുള്ളൂ.

വൈറസിന്റെ പ്രതീകാത്മക ചിത്രംപോലും മരുന്നിന്റെ ലേബലില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് പതഞ്ജലിയുടെ അവകാശവാദം. എന്നാല്‍ കോറോണിലിന്റെ ലേബലില്‍ വൈറസിന്റെ പ്രതീകാത്മക ചിത്രം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പതഞ്ജലിയുടെ നിര്‍മാണശാലയില്‍ പരിശോധന നടത്തിയ ഉത്തരാഖണ്ഡിലെ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ലേബലിലെ പ്രതീകാത്മക ചിത്രവും അവകാശവാദവും പിന്‍വലിക്കണമെന്ന് പതഞ്ജലിക്ക് നിര്‍ദ്ദേശം നല്‍കി.