മുംബയ്: ബോളിവുഡ് നടന്‍ ആമിര്‍ഖാന്റെ സ്റ്റാഫ് അംഗങ്ങളില്‍ ചിലര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തന്റെയും കുടുംബത്തിന്റെയും പരിശോധന ഫലം നെഗറ്റീവാണെന്നും അമ്മയെ കൊവിഡ് പരിശോധന നടത്താന്‍ കൊണ്ടുപോകുകയാണെന്നും അവര്‍ക്കായി പ്രാര്‍ത്ഥിക്കണമെന്നും തന്റെ ആരാധകരോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അമീര്‍ഖാന്‍ ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

അമീര്‍ഖാന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ:

നമസ്‌കാരം, എന്റെ ജീവനക്കാരില്‍ കുറച്ച്‌ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വളരെ പെട്ടെന്ന് തന്നെ അവരെ ക്വാറന്റൈന്‍ ചെയ്യുകയും ബി.എം.സി അധികൃതര്‍ ദ്രുതനടപടികള്‍ സ്വീകരിച്ച്‌ ആരോഗ്യകേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തു. അവരുടെ കാര്യങ്ങള്‍ക്ക് മതിയായ ശ്രദ്ധ കൊടുത്തതിനും, ഈ സൊസൈറ്റി അണുവിമുക്തമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതിനും ബി.എം.സി ജീവനക്കാരോട് ഞാന്‍ നന്ദി അറിയിക്കുകയാണ്.

ഇവിടെ ബാക്കിയുള്ളവരുടെയെല്ലാം പരിശോധനഫലം നെഗറ്റീവാണ്. ഇപ്പോള്‍ എന്റെ അമ്മയെ പരിശോധനയ്ക്കായി കൊണ്ടു പോവുകയാണ്. കൂട്ടത്തില്‍ അമ്മയുടെ പരിശോധനമാത്രമാണ് ഇനി ബാക്കിയുള്ളത്. അതും നെഗറ്റീവ് ആകാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണം..ഞങ്ങളെ സഹായിക്കാന്‍ സമയോചിതമായി ഇടപ്പെട്ട ബി.എം.സി അധികൃതരോടുള്ള നന്ദി ഒരിക്കല്‍ കൂടി അറിയിക്കുകയാണ്.. പിന്നെ പരിശോധന നടപടികളില്‍ അവര്‍ കാണിച്ച കരുതലിനും ശ്രദ്ധയ്ക്കും കോകിലബെന്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും മറ്റ് സ്റ്റാഫ് അംഗങ്ങള്‍ക്കും നന്ദി.