മുംബൈ: പാല്‍ഗര്‍ ആള്‍ക്കൂട്ട കൊലപാതകമായി ബന്ധപ്പെട്ടും ബാന്ദ്രയില്‍ കുടിയേറ്റ തൊഴിലാളികള്‍ നടത്തിയ പ്രതിഷേധത്തെക്കുറിച്ചും വര്‍ഗീയ പരാമര്‍ശം നടത്തിയ റിപ്പബ്ലിക്​ ടി.വി ചീഫ്​ എഡിറ്റര്‍ അര്‍ണബ്​ ഗോസ്വാമിക്കെതിരായ എഫ്​.ഐ.ആറുകള്‍ക്ക്​ ​ബോംബെ ഹൈകോടതി സ്​റ്റേ നല്‍കി. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ അര്‍ണബിനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കരുതെന്നും പ്രഥമദൃഷ്​ട്യ കേസുകളൊന്നും നിലനില്‍ക്കുന്നില്ലെന്നും കുറ്റങ്ങള്‍ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കോടതി പറഞ്ഞു. പൊതുജനങ്ങള്‍ക്കിടയില്‍ വിദ്വേഷം സൃഷ്​ടിക്കാന്‍ അര്‍ണബ്​ ശ്രമിച്ചുവെന്ന് തെളിയിക്കാന്‍ കഴിയുന്നതൊന്നും​ കോടതിക്ക്​ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.