വാഷിംഗ്ടണ്‍: ലോകം കോവിഡിന്റെ പിടിയില്‍ അമര്‍ന്നിരിക്കുമ്ബോള്‍ ചൈനയില്‍ നിന്ന് അപകടകാരിയായ മറ്റൊരു വൈറസിനെ കണ്ടെത്തി ഗവേഷകര്‍. വൈറസിന് മനുഷ്യരിലേക്ക് പകരാനുള്ള ശേഷിയുണ്ടെന്നും ഗവേഷകര്‍ പറയുന്നു. പന്നികളിലാണ് പുതിയ വൈറസിനെ കണ്ടത്തിയത്.

‘G4 EA H1N1’ എന്നാണ് ഗവേഷകര്‍ ഇതിനു നല്‍കിയിരിക്കുന്ന പേര്. ഈ വൈറസിന് വ്‌യതിയാനം സംഭവിച്ച്‌ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തിലെത്തിയാല്‍ ലോകം മുഴുവന്‍ അത് ഭീഷണി ഉയര്‍ത്തിയേക്കാമെന്നും യു എസ് ഗവേഷണ ജേര്‍ണലായ ‘പ്രൊസീഡിങ്സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് (PNAS) പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

പന്നിപ്പനിയുടെ വര്‍ഗ്ഗത്തില്‍പെട്ട വൈറസാണിത്. ഇപ്പോള്‍ ഭയക്കേണ്ട സാഹചര്യമില്ലെന്നും എന്നാല്‍ അതിന്റെ ജനിതക ഘടനയ്ക്ക് വ്യതിയാനം സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും ഗവേഷകര്‍ പറയുന്നു. നിലവില്‍ പ്രതിരോധ വാക്‌സിനുകളൊന്നും കണ്ടുപിടിച്ചിട്ടില്ലെന്നും അപകടകരമായ ജനിതക ഘടനയാണിതിന്റേതെന്നുമാണ് ലഭിക്കുന്ന വിവരം.