ന്യൂഡല്‍ഹി : ഇലക്‌ട്രോണിക്സ് ഉപകരണങ്ങള്‍ ഉള്‍പ്പെടെ 12 ചൈനീസ് ഉത്പ്പന്നങ്ങളുടെ ഇറക്കുമതിയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രനീക്കം. 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിനു പിന്നാലെ ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് ലൈസന്‍സിങ് ഏര്‍പ്പെടുത്താനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. എയര്‍ കണ്ടീഷണര്‍, ടെലിവിഷന്‍ സെറ്റുകള്‍ തുടങ്ങിയ നിര്‍മ്മിക്കുന്നതിനുള്ള പാര്‍ട്‌സുകളുടെ ഇറക്കുമതിക്കു നിയന്ത്രണം കൊണ്ടുവരാനാണു നീക്കം.

ഇന്ത്യന്‍ വിപണയിലെ ചൈനീസ് കമ്ബനികളുടെ പ്രാതിനിധ്യം കുറയ്ക്കുകയാണ് ലക്ഷ്യം. ടയര്‍ മുതല്‍ ചന്ദനത്തിരി വരെയുള്ള ഉല്‍പന്നങ്ങള്‍ പ്രാദേശികമായി ഉത്പാദിക്കുന്നത് വന്‍തോതില്‍ പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ കേന്ദ്രം നേരത്തെ തന്നെ ആരംഭിച്ചിരുന്നു. 12 ഓളം ഉത്പന്നങ്ങളുടെ ആഭ്യന്തര ഉത്പാദനം ഗണ്യമായ തോതില്‍ വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എയര്‍ കണ്ടീഷണറുകള്‍, ടിവി സെറ്റുകള്‍ തുടങ്ങിയവയുടെ ഇറക്കുമതി നിയന്ത്രിക്കാന്‍ കേന്ദ്രം ശ്രമിക്കുന്നത്.

കളിപ്പാട്ടങ്ങള്‍ ഫര്‍ണീച്ചറുകള്‍, സ്റ്റീല്‍, അലുമിനം, പെട്രോകെമിക്കല്‍, പാദരക്ഷ, ലിഥിയം അയണ്‍ ബാറ്ററി, ആന്റിബയോട്ടിക്, വാഹനഭാഗങ്ങള്‍, സോളാര്‍ ഉപകരണങ്ങള്‍, ഇലക്‌ട്രോണിക് ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകള്‍ കായിക ഉപകരണങ്ങള്‍ തുടങ്ങിയവയും വാണിജ്യ മന്ത്രാലയം തയാറാക്കിയ ലിസ്റ്റില്‍ ഉണ്ട്. ഇവയുടെ പ്രാദേശികമായ നിര്‍മാണം പ്രോത്സാഹിപ്പിക്കാനുള്ള നടപടികളും ഉണ്ടാകും. ഉരുളക്കിഴങ്ങ്, ഓറഞ്ച് എന്നിവ പ്രാദേശികമായി കൃഷിചെയ്യുന്നതിനും പ്രോത്സാഹനം നല്‍കും.

നിലവാരം കുറഞ്ഞ സാധനങ്ങളുടെ വിദേശ ഇറക്കുമതി പൂര്‍ണമായും തടയും. നിലവാരം ഉണ്ടെങ്കില്‍ മാത്രം ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ഉത്പന്നങ്ങള്‍ അനുവദിക്കും. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പാദരക്ഷകള്‍ ഇലക്‌ട്രിക് ഉപകരണങ്ങള്‍, ഇലക്‌ട്രിക് വാഹനങ്ങള്‍ എന്നിവയുടെ തീരുവ കുത്തനെ ഉയര്‍ത്തുന്നത് നേരത്തെ തന്നെ കേന്ദ്രം പരിഗണിച്ചിരുന്നു.