കൊച്ചി > മെഡിക്കല് പ്രവേശന പരീക്ഷ വിദേശത്ത് നടത്തണമെന്നാവശ്യപ്പെട്ട് സമര്പ്പിച്ച പൊതുതാല്പ്പര്യ ഹര്ജി ഹൈക്കോടതി തള്ളി.നാഷണല് ടെസ്റ്റിംഗ് ഏജന്സിയുടേയും മെഡിക്കല് കൗണ്സിലിന്റേയും നിലപാട് കണക്കിലെടുത്താണ് ഹര്ജി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് തള്ളിയത്.

പരീക്ഷ മാറ്റിവെയ്ക്കണമെന്ന ആവശ്യത്തില് ഇടപെടാനാവില്ലെന്നും ചീഫ് ജസ്റ്റീസ് എസ്.മണി കുമാറും ജസ്റ്റീസ് ഷാജി പി ചാലിയും അടങ്ങുന്ന ബഞ്ച് വ്യക്തമാക്കി. മെഡിക്കല് പ്രവേശന പരീക്ഷ വിദേശത്ത് നടത്താന് ഉദ്ദേശിച്ചല്ല തയ്യാറാക്കയിട്ടുള്ളതെന്നും
ഓണ്ലൈനായി നടത്താനാവില്ലെന്നും എം സി ഐ ബോധിപ്പിച്ചു.പതിനഞ്ച് ലക്ഷത്തോളം പേര് എഴുതുന്ന പരീക്ഷ പേപ്പര് / പെന് മാതൃകയിലുള്ളതാണന്നും
സുതാര്യത ഉറപ്പാക്കേണ്ടതുണ്ടന്നും എം സി ഐ വ്യക്തമാക്കി. കോവിഡ് പശ്ചാത്തലത്തില് ഗള്ഫ് രാജ്യങ്ങളില് പരീക്ഷാകേന്ദ്രങ്ങള് അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രവാസിയായ അബ്ദുള് അസീസാണ് കോടതിയെ സമീപിച്ചത്.