തിരുവനന്തപുരം: കൊല്ലം എസ്.എന്‍ കോളേജ് സില്‍വര്‍ ജൂബിലി തട്ടിപ്പ് കേസില്‍ എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.

കോളേജിന്‍്റെ സില്‍വര്‍ ജൂബിലി ആഘോഷത്തിനായി 1997-98 കാലഘട്ടത്തില്‍ പിരിച്ച 1,02,61,296 രൂപയില്‍ വെട്ടിപ്പ് നടത്തിയെന്നാണ് കേസ്. കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ജൂണ്‍ 22 ന്‌ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എസ്.എന്‍. ട്രസ്റ്റ് ട്രസ്റ്റി ആയിരുന്ന കൊല്ലം സ്വദേശി പി സുരേഷ് ബാബു 2004 ല്‍ നല്‍കിയ സ്വകാര്യ അന്യായത്തില്‍ ആണ് അന്വേഷണം തുടങ്ങിയത്.

അതേസമയം കെ.കെ. മഹേശന്‍റെ ആത്മഹത്യയില്‍, നിലവിലെ പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കുടുംബം വ്യക്തമാക്കി. മരണത്തിന് ഇടയാക്കിയ യഥാര്‍ത്ഥ കാരണങ്ങള്‍ക്ക് പകരം മഹേശന്‍റെ സാമ്ബത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിലാണ് പൊലീസിന് താല്‍പര്യം . മൈക്രോഫിനാന്‍സ് കേസുകളില്‍ കുടുക്കാന്‍ ശ്രമിച്ചതില്‍ എഡിജിപി തച്ചങ്കരിക്ക് പങ്കുണ്ടെന്നും കുടുംബം ആരോപിച്ചു.

നീതിപൂര്‍വ്വമായ അന്വേഷണം ഉണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളില്‍ പ്രതീക്ഷയുണ്ട്. മാരാരിക്കുളം പൊലീസിന്‍റെ ഇപ്പോഴത്തെ അന്വേഷണം ശരിയായ ദിശയിലല്ല. ആത്മഹത്യകുറിപ്പില്‍ വെള്ളാപ്പള്ളിയുടെയും സഹായി അശോകന്‍റെയും പേര് ഉണ്ടായിട്ടും അവരുടെ മൊഴിയെടുക്കാന്‍ പോലും തയ്യാറായിട്ടില്ല. പ്രത്യേക സംഘത്തെ കേസ് അന്വേഷണം ഏല്‍പ്പിക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.