പത്തനംതിട്ട: കോവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ ശക്തമാക്കുമെന്ന് ജില്ലാപോലീസ് മേധാവി കെ.ജി സൈമണ്‍. രോഗബാധക്കെതിരായ പ്രതിരോധ നടപടികള്‍ കര്‍ശനമാക്കിയ പശ്ചാത്തലത്തില്‍, ലംഘനങ്ങളുടെ ഗൗരവമനുസരിച്ച്‌ പിഴയീടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. പിഴ 10000 രൂപ വരെയാകാം. പിഴയടച്ചില്ലെങ്കില്‍ തടവു ശിക്ഷ. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയയ്ക്കുകയും, കേസ് കോടതിയില്‍ ചാര്‍ജ് ചെയ്യുകയും ചെയ്യും.

ക്വാറന്റീന്‍ ലംഘനം, സാമൂഹ്യഅകലം പാലിക്കാതെയുള്ള ഒത്തുചേരല്‍, അധിക യാത്രക്കാരുമായി വാഹനങ്ങളുടെ യാത്ര, രാത്രി ഒന്‍പതിനു ശേഷം പുറത്തിറങ്ങുക, വ്യാപാരസ്ഥാപനങ്ങള്‍ ശുചിത്വമാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക, കടകളില്‍ അനുവദനീയമായതില്‍ അധികം ആളുകളെ കയറ്റുക, മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുക തുടങ്ങിയ ലംഘനങ്ങള്‍ക്കെതിരെ നടപടികള്‍ കടുപ്പിക്കും.

വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരും മുഖാവരണം നിര്‍ബന്ധമായും ധരിക്കണം. കടകളില്‍ ഒരുസമയം അഞ്ചു പേര് മാത്രം. വലിയ കടകളാണെങ്കില്‍ വിസ്തീര്‍ണമനുസരിച്ച്‌ ഇളവുകള്‍ ഉണ്ടാകാം. സമ്ബര്‍ക്കവും സാമൂഹ്യ അകലവും നിര്‍ണായകമായ കോവിഡ് 19 വ്യാപനത്തില്‍ നിതാന്ത ജാഗ്രത അനിവാര്യമാണ്. ക്വാറന്റീനില്‍ പോകുന്നവര്‍ അതു പൂര്‍ണമായും പാലിക്കണം. ഇവരെ ജനമൈത്രി പോലീസ് സംവിധാനം പ്രയോജനപ്പെടുത്തി നിരീക്ഷണം നടത്തുന്നുണ്ട്. ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി കൈകൊള്ളുന്നുണ്ട്.

സാമൂഹ്യ അകലം പാലിക്കാതെ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തതിന് ഒരു പാരലല്‍ കോളജ് അധ്യാപകനെതിരെ കേസെടുത്തു. കലഞ്ഞൂര്‍ പുഷ്പമംഗലത്തു വീട്ടില്‍ രാജേഷ് (44) നെ ആണ് കൂടല്‍ പോലീസ് അറസ്റ്റ് ചെയ്തത്. കലഞ്ഞൂരില്‍ ട്യൂട്ടോറിയല്‍ കോളജ് നടത്തുന്ന രാജേഷ് കഴിഞ്ഞദിവസം വീടിനു മുന്നിലെ ഷെഡില്‍ സാമൂഹ്യ അകലം പാലിക്കാതെ അഞ്ചു കുട്ടികളെ ഒരുമിച്ചിരുത്തി ട്യൂഷനെടുക്കുമ്ബോഴാണ് പോലീസ് അറസ്റ്റ് ചെയ്തത്. പകര്‍ച്ചവ്യാധി തടയല്‍ നിയമത്തിലെ വകുപ്പുകള്‍ കൂടിച്ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു.

കോവിഡ് വ്യാപനത്തിന് വേഗം കൂടുന്നതും, വരുംനാളുകളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുമെന്ന ദുരന്തനിവാരണ അതോറിറ്റി റിപ്പോര്‍ട്ടും മുഖവിലക്കെടുത്ത് സാമൂഹ്യഅകലം പാലിക്കല്‍, റിവേഴ്‌സ് ക്വാറന്റീന്‍ തുടങ്ങിയ നടപടികള്‍ ശക്തമാക്കുമെന്ന് ജില്ലാപോലീസ് മേധാവി കൂട്ടിച്ചേര്‍ത്തു. ഇക്കാര്യങ്ങളില്‍ കര്‍ശനനടപടികള്‍ സ്വീകരിക്കുന്നതിന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുഗതാഗതമാര്‍ഗങ്ങള്‍ അനുവദനീയമായതില്‍ കൂടുതല്‍ യാത്രക്കാരെ കൊണ്ടു പോകുന്നതും മറ്റും നിരീക്ഷിക്കുന്നുണ്ട്. ലോക്ക്ഡൗണ്‍ ലംഘനങ്ങള്‍ക്ക് ജില്ലയില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവരുന്നു. ഇന്നലെ 21 കേസുകള്‍ എടുത്തു. 31 പേരെ അറസ്റ്റ് ചെയ്യുകയും ഒന്‍പതു വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 69 പേര്‍ക്ക് നോട്ടീസ് നല്‍കിയതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.