ആലപ്പുഴ: കായംകുളത്ത് പച്ചക്കറി വ്യാപാരിക്കും മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ആശങ്ക. മുന്‍കരുതലിന്‍റെ ഭാഗമായി മാര്‍ക്കറ്റ് അടയ്ക്കും. നഗരസഭയിലെ രണ്ട് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്‍റ് മേഖലയായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. ഉറവിടം സംബന്ധിച്ച്‌ വ്യക്തത വരാത്തതിനാല്‍ സ്ഥിതി ഗുരുതരമെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തല്‍.

കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെയാണ് 65 വയസുള്ള കായംകുളത്തെ വ്യാപാരിക്ക് രോഗം സ്ഥിരീകരിച്ചത്. ഇയാളെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. 65 കാരനെ പരിചരിക്കാന്‍ മകളും കൊല്ലത്ത് പോയിരുന്നു. ഇന്നലെ വൈകീട്ടോടെ ഇവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

നഗരസഭാപരിധിയിലെ താമസക്കാരായ ഇവരുടെ, അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെ 20 ല്‍ അധികം പേരുടെ സാമ്ബിളുകള്‍ പരിശോധിക്കും. തമിഴ്നാട്, കര്‍ണാടക എന്നിവടങ്ങളില്‍ നിന്നും കായംകുളത്തേക്ക് പച്ചക്കറിയുമായി എത്തുന്ന ലോറി ഡ്രൈവര്‍മാര്‍ വഴി രോഗം വന്നുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ പ്രാഥമിക നിഗമനം. മുന്‍കരുതലിന്‍റെ ഭാഗമായി രോഗബാധിതരുടെ വീടും പച്ചക്കറി മാര്‍ക്കറ്റും ഉള്‍പ്പെടുന്ന രണ്ട് വാര്‍ഡുകള്‍ കണ്ടൈയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു. അവശ്യസേവനങ്ങള്‍ മാത്രമാണ് മേഖലയില്‍ അനുവദിക്കുക.