ചെന്നൈ : തൂത്തുക്കുടിയില്‍ പൊലീസ് മര്‍ദ്ദനത്തിനിരയായി അച്ഛനും മകനും കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് വാദം തെറ്റെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. കടയിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പൊലീസിനെ ബെനിക്‌സ് മര്‍ദ്ദിച്ചെന്നായിരുന്നു എഫ്.ഐ.ആര്‍. എന്നാല്‍, പൊലീസിനോട് സംസാരിച്ച്‌ ബെനിക്‌സ് മടങ്ങിവരുന്നത് ദൃശ്യങ്ങളിലുണ്ട്.

കടയ്ക്ക് മുന്നില്‍ വന്‍ സംഘര്‍ഷമോ വന്‍ ജനക്കൂട്ടമോ ഉണ്ടായിരുന്നില്ലെന്നും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ബെനിക്സിന്‍റെ മൊബൈല്‍ കടയില്‍ രാത്രി ഒമ്ബതുമണിക്ക് വന്‍ ജനകൂട്ടം ആയിരുന്നെവന്നും ഇത് ചോദ്യം ചെയ്ത പൊലീസിനെ ആക്രമിച്ചുവെന്നുമാണ് എഫ്‌ഐആര്‍. കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ബലം പ്രയോഗിച്ചുവെന്നും പരിക്കേറ്റെന്നുമാണ് വാദം. എന്നാല്‍ പൊലീസ് വാദം തെറ്റാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി. പൊലീസ് ജീപ്പിന് അടുത്തെത്തി സംസാരിച്ച്‌ കടയടക്കാന്‍ ബെനിക്സ് തിരിച്ചെത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കടയ്ക്ക് മുന്നില്‍ അക്രമം നടന്നിട്ടില്ലെന്ന് സമീപവാസികളും വെളിപ്പെടുത്തിയിരുന്നു.

അതേസമയം, കേസ് സി.ബി.ഐക്ക് വിടുന്ന കാര്യം കോടതിയെ അറിയിച്ചെന്ന് മുഖ്യമന്ത്രി എടപ്പാടി കെ. പളനി സ്വാമി അറിയിച്ചിരുന്നു. ലോക്കപ്പ്മര്‍ദനത്തില്‍ വ്യാപാരികള്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് ഉയരുന്നത്. തൂത്തുകുടി ജില്ലയിലെ സാത്താന്‍കുളത്തെ മരവ്യാപാരിയായ ജയരാജനെയും, മകന്‍ ഫെനിക്സിനെയും ലോക്ഡൗണ്‍ ലംഘിച്ചു കട തുറന്നതിനു വെള്ളിയാഴ്ചയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടു ദിവസം കസ്റ്റഡിയില്‍ വച്ചതിനുശേഷം തിങ്കളാഴ്ചയാണ് അറസ്റ്റ് രേഖപെടുത്തിയത്.

തുടര്‍ന്ന് ഇവരെ കോവില്‍പെട്ടി സബ് ജയിലിലേക്ക് അയക്കുകയായിരുന്നു. ഉച്ചയോടെ ഫെനിക്സിന് നെഞ്ചുവേദന ഉണ്ടാവുകയും തൊട്ടടുത്തുള്ള കോവില്‍പെട്ടി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയുമായിരുന്നു. പിന്നീട് ജയരാജന്റെ ആരോഗ്യ നിലയും വഷളാവുകയും മരിക്കുകയും ചെയ്തു.