തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പദവിയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യു.ഡി.എഫിന്‍റെ അന്തിമ തീരുമാനം ഇന്ന്.

പി ജെ ജോസഫിനോട് ഒരു ദിവസം കൂടി കാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നിര്‍ദ്ദേ ശിച്ചിരിയ്ക്കുകയാണ്. കോട്ടയം ജില്ലാ പഞ്ചായത്ത് പദവിയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യു.ഡി.എഫിന്‍റെ അന്തിമ തീരുമാനം ഇന്നുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പറഞ്ഞിരിയ്ക്കുന്നത്.

ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ പ്രശ്നപരിഹാരമുണ്ടാകുമെന്നും ,അതുവരെ കാത്തിരിക്കണമെന്നും പി.ജെ.ജോസഫിനോട് അദ്ദേഹം ആവശ്യപ്പെട്ടു.

ഇനിയൊരു ചര്‍ച്ചയില്ലെന്നും ജോസ് – ജോസഫ് വിഭാഗങ്ങള്‍ ഇപ്പോള്‍ രണ്ടു ഘടകങ്ങളായാണ് നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എട്ട് മാസം കഴിയുമ്ബോള്‍ പദവി ഒഴിയണമെന്ന മുന്‍ധാരണ പ്രകാരമായിരുന്നു പ്രസിഡന്റ് സ്ഥാനം ജോസ് വിഭാഗത്തിന് നല്‍കിയിരുന്നത്. എന്നാല്‍ അവര്‍ അത് പാലിച്ചില്ലെന്നും ചെന്നിത്തല പറഞ്ഞു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കാത്ത ജോസ് വിഭാഗത്തിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള ജോസഫ് വിഭാഗത്തിന്‍റെ നീക്കത്തിന് തത്കാലം തടഞ്ഞിരിയ്ക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം.

ചങ്ങനാശേരിയില്‍ ശനിയാഴ്ച രാത്രി നടന്ന ജോസഫ് വിഭാഗം നേതൃയോഗം, ജില്ലാ പഞ്ചായത്തില്‍ ജോസ് വിഭാഗത്തിനെതിരെ അവിശ്വാസം കൊണ്ടുവരാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, യു.ഡി.എഫിന്‍റെ നിര്‍ദ്ദേഷം മാനിച്ച്‌, അന്തിമ തീരുമാനത്തിന് ശേഷം നിലപാട് പ്രഖ്യാപിക്കുമെന്നാണ് ജോസഫ് വിഭാഗം പറയുന്നത്.
അതേസമയം, ജോസ് വിഭാഗം പ്രസിഡന്റ് സ്ഥാനം രാജി വച്ച്‌ യു.ഡി.എഫ് കരാര്‍ പാലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടെങ്കിലും ,ജോസ് വിഭാഗം ഇത് തള്ളുകയായിരുന്നു. രാജിവയ്ക്കില്ല എന്ന നിലപാടില്‍ ജോസ് കെ മാണി ഉറച്ചു നില്‍ക്കുന്നത് യു.ഡി.എഫിനെയും വെട്ടിലാക്കിയിരിയ്ക്കുകയാണ്. രണ്ട് എം.പിമാരുള്ള യു.പി.എ ഘടകകക്ഷിയാണ് ജോസ് വിഭാഗം. നടപടിയെടുക്കാന്‍ യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കേ കഴിയൂ എന്ന നിലയ്ക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

പ്രസിഡന്റ് പദവി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് നല്‍കണമെന്ന മുന്നണി നിര്‍ദേശം ജോസ് കെ മാണി വിഭാഗം വീണ്ടും തള്ളിയതോടെയാണ് മുന്നണിയിലെ പ്രതിസന്ധി മൂര്‍ച്ഛിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പുകളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ജോസ് വിഭാഗത്തിന്റെ നീക്കങ്ങള്‍ അംഗീകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് യു ഡി എഫിലെ പ്രമുഖ കക്ഷികള്‍.

കേരള കോണ്‍ഗ്രസ്‌ എം ചെയര്‍മാന്‍ കെ എം മാണിയുടെ നിര്യാണത്തോടെ പാര്‍ട്ടിയില്‍ ആരംഭിച്ച അധികാര വടംവലിയാണ് ഇപ്പോള്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കൈയടക്കുന്നതില്‍ എത്തി നില്‍ക്കുന്നത്. മാസങ്ങളായി ഈ ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ജോസഫ്‌ ഗ്രൂപ്പ്. എന്നാല്‍, ഈ വിഷയത്തില്‍ ഒരിഞ്ച് പോലും പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ജോസ് കെ.മാണി. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലെന്നും ജോസ് കെ.മാണി ആവര്‍ത്തിച്ചു.

പാലാ നിയോജക മണ്ഡലത്തിലെ തോല്‍വിക്ക് കാരണം ജോസഫ് പക്ഷം ചതിച്ചതാണെന്നും അങ്ങനെ ചതിച്ചവര്‍ക്ക് പദവി ഒഴിഞ്ഞു കൊടുക്കില്ലെന്നും ജോസ് കെ.മാണി വ്യക്തമാക്കിയിരുന്നു. ജോസഫ്‌, ജോസ് കെ മാണി ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ മറുപടിയായിരുന്നു ചരിത്രത്തിലാദ്യമായി മാണിയുടെ സ്വന്തം പാലാ നിയോജക മണ്ഡലത്തില്‍ ഇടതു മുന്നണി നേടിയ വിജയം.

കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിലെ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ രാജിവെച്ച്‌ ജോസഫ് വിഭാഗത്തിലെ അജിത്ത് മുതിരമലയ്ക്ക് സ്ഥാനം നല്‍കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പി ജെ ജോസഫ്…