സ്റ്റാഫ്‌ഫോർഡ്: മലയാളികൾക്ക് എന്നും പ്രിയങ്കരനായിരുന്നു മേയർ സ്കാർസില്ലയുടെ മരണം മലയാളി സമൂഹത്തെ അത്യന്തം കണ്ണീരിലാഴ്ത്തി. മലയാളികൾക്ക് എന്നും പ്രിയങ്കരമായ സ്റ്റാഫ്‌ഫോർഡ് സിറ്റിയുടെ വളർച്ച മേയർ സ്കാർസെല്ലയുടെ ഇച്ഛശക്തിയുടെ പ്രതിഫലനമായിരുന്നു. ഹ്യൂസ്റ്റൺ പ്രദേശത്തു ഏറ്റവും കൂടുതൽ മലയാളി ദേവാലയങ്ങളും ബിസിനസ് സംരംഭങ്ങളും സ്റ്റാഫ്‌ഫോർഡ് സിറ്റിയിലാണ്. മലയാളികൾ എന്നും തങ്ങളുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റാനായി സ്റ്റാഫ്‌ഫോഡിൽ എത്താറുണ്ട്.

മലയാളികളുടെ അഭിമാനമായ കൗൺസിൽമാൻ കെൻ മാത്യു തന്റെ രാഷ്ട്രീയ ഗുരുവിന്റെ വേർപാടിന്റെ ദുഖിതത്തിലാണ്. 15 വർഷമായി സ്റ്റാഫ്‌ഫോർഡ് സിറ്റി കൌൺസിൽ അംഗമായ കെൻ മാത്യുവിന് മേയറെ പറ്റി പറയാൻ നൂറു നാവാണ്. കൌൺസിൽ അംഗമാകുന്നതിനു മുൻപ് തുടങ്ങിയ സൗഹൃദം 2003 ൽ സോണിങ് ആൻഡ് പ്ലാനിംഗ് അപ്പോയ്ന്റ് ചെയ്തതോടു കൂടി ദൃഢപ്പെട്ടു. ഇലക്ഷനിൽ  മത്സരിക്കുമ്പോഴൊക്കെ തന്റെ പിന്തുണ ആദ്യമേ തന്നെ വാഗ്ദാനം ചെയ്യുമായിരുന്നു. എല്ലാ രാഷ്ട്ര്യക്കാർക്കും മാതൃകയാക്കാവുന്ന നല്ല മനസിന്റെ ഉടമ, വിവാഹം പോലും കഴിക്കാതെ സാമൂഹത്തിനു വേണ്ടി മാത്രം ജീവിച്ച നല്ല മനുഷ്യൻ, 51 വര്ഷം മേയർ ആയി പ്രവർത്തിച്ചിട്ട് യാതൊരു പ്രതിഫലവും വാങ്ങാതെ ന്യായ വിരുദ്ധമായി അഴിമതി ഇല്ലാതെ പ്രവർത്തിച്ച മഹാനായ മേയർ എന്ന് കെൻ മാത്യു അനുസ്മരിച്ചു. സിറ്റി മാനേജറിനെ അപ്പോയ്ന്റ് ചെയ്യാതെ സിറ്റിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ അദ്ദേഹം വ്യാപൃതനായിരുന്നു.

ഏകദേശം 33 വര്ഷങ്ങളായി സ്റ്റാഫ്‌ഫോഡിൽ പ്രവർത്തിക്കുന്ന മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ തങ്ങളുടെ പ്രിയപ്പെട്ട നഗര പിതാവിന്റെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. പ്രസിഡന്റ് ഡോ. സാം ജോസഫ്, മേയർ സ്കാർസെല്ല മലയാളികൾക്ക് എത്ര വേണ്ടപ്പെട്ടവനായിരുന്നു എന്ന് എടുത്തു പറഞ്ഞു. എന്നും നല്ല ബന്ധം സൂക്ഷിച്ചിരുന്ന അദ്ദേഹത്തോട് ഒരു മാനസിക അടുപ്പം സൂക്ഷിച്ചിരുന്നു എന്ന് അനുസ്മരിച്ചു. മലയാളി അസോസിയേഷന്റെ എല്ലാ പ്രവർത്തനങ്ങളിലും അദ്ദേഹം പ്രത്യേക താല്പര്യം കാണിച്ച മേയർ 1998 ൽ ജോസ് ജോൺ, ഡോ. ജോർജ് കാക്കനാട്ട്, ജോർജ് മണ്ണിക്കരോട്ട് ഭരണ സമിതിയോടൊപ്പം ഓണാഘോഷത്തിന്റെ വർണാഭമായ വിളംബര ജാഥക്ക് ക്യാപ്റ്റൻ ആയി മുന്പിലുണ്ടായിരുന്നു എന്ന് അദ്ദേഹം ഓർമിപ്പിച്ചു. മേയർ എന്ന സ്ഥാനത്തിന് ഉപരിയായി മലയാളികളുടെ ബിസ്സിനസ്സ് മത സംബന്ധമായ എല്ലാ കാര്യങ്ങളിലും ഒരു കാരണവരെ പോലെ നിന്ന മേയറുടെ വിയോഗം ഹൂസ്റ്റണിലെ മലയാളികൾക്ക് തീരാ ദുഃഖം ആണ് എന്ന് സാം ജോസഫ് തന്റെ അനുശോചനത്തിൽ പറഞ്ഞു.

മലയാളി ബിസിനസ് സ്റ്റാഫ്‌ഫോഡിൽ വളരാൻ കാരണം മേയർ സ്‌കാർസില്ലയുടെ ദീർഘ വീക്ഷണവും കമ്മ്യൂണിറ്റിയോടുള്ള സ്നേഹവും കരുതലുമാണെന്നു സൗത്ത് ഇന്ത്യൻ യൂസ് ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് ജോർജ് കൊളച്ചേരിൽ പറഞ്ഞു. ചേംബറിന്റെ ആരംഭം മുതൽ അതിന്റെ ഇന്ന് വേറെയുള്ള വളർച്ചയിൽ മേയർ തന്റെ എല്ലാ സഹായവും നൽകുകയും അതിന്റെ വളർച്ചയിൽ സന്തുഷ്ടനായിരുന്നു എന്നും അദ്ദേഹം അനുസ്മരിച്ചു. ദീർഘ നാൾ മേയർ സ്ഥാനത്തിരുന്നു എല്ലാ മനുഷ്യരുടെയും സ്നേഹത്തിനു പാത്രമായ മേയറിന്റെ നിര്യാണം നികത്താനാവാത്ത വിടവാണ് ഉണ്ടാക്കിയിരിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു.

ഇൻഡ്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ ഹൂസ്റ്റൺ ചാപ്റ്റർ ലോകത്തോടു വിടപറഞ്ഞ മേയർ ലിയോണാർഡ്സ് ‌സ്‌കാർസില്ലയുടെ വേർപാടിൽ അശ്രുപുഷ്പാജ്ഞലികൾ അർപ്പിച്ചു. അമേരിക്കയിലെ അറിയപ്പെടുന്ന ഡെമോക്രാറ്റിക്ക് പാർട്ടിയുടെ ശക്തനായ വക്ക്താവ് എന്ന നിലയിലും മേയർ എന്ന നിലയിൻ തൻ്റെ കഴിവ് സമൂഹ നന്മക്കായി മുഴുവൻ സമയവും ചിലവഴിച്ച പ്രധിഭാധനനായിരുന്ന മേയറുടെ വേർപാട് ടെക്സാസ് സ്റ്റേറ്റിനും സ്റ്റാഫ്‌ഫോർഡ് സിറ്റിക്കും തീരാനഷ്ടമാണ് എന്ന് പ്രസ് ക്ലബ് പ്രസിഡന്റ് ശങ്കരൻ കുട്ടി അനുസ്മരിച്ചു.