ഉപഭോക്തൃ സേവന മേഖലയില്‍‌ 20,000 ത്തോളം പുതിയ തൊഴിലവസരങ്ങളുമായി പ്രമുഖ ഇ-കൊമേഴ്സ് കമ്ബനി ആമസോണ്‍ ഇന്ത്യ‌. താല്‍‌ക്കാലിക തൊഴിലവസരങ്ങളാണ് ആമസോണ്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. അടുത്ത ആറ് മാസം ഉപഭോക്താക്കളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്നാണ് കമ്ബനിയുടെ വിലയിരുത്തല്‍. താത്കാലികമായി ജോലിക്കെടുക്കുന്നവരുടെ തൊഴില്‍ സമയത്തെ പ്രകടനം നോക്കി, അവരില്‍ നിശ്ചിത വിഭാഗത്തെ സ്ഥിരമായി ജോലിയില്‍ നിലനിര്‍ത്തുമെന്നും കമ്ബനി വ്യക്തമാക്കി. ഹൈദരാബാദ്, പുണെ, കോയമ്ബത്തൂര്‍, നോയ്‌ഡ, കൊല്‍ക്കത്ത, ജയ്‌‍പൂര്‍, ഛണ്ഡീഗഡ്, മംഗളൂരു, ഇന്‍ഡോര്‍, ഭോപ്പാല്‍, ലഖ്‌നൗ എന്നിവിടങ്ങളിലാണ് തൊഴിലവസരം ഉണ്ടാവുക.

ആമസോണിന്റെ വെര്‍ച്വല്‍ കസ്റ്റമര്‍ സര്‍വീസിന്റെ ഭാഗമായിരിക്കും അധികം ജോലികളും. വര്‍ക്ക് ഫ്രം ഹോം ഓപ്ഷനും ഉണ്ടാകും. ഇമെയില്‍, ചാറ്റ്, സോഷ്യല്‍ മീഡിയ, ഫോണ്‍ എന്നീ മാധ്യമങ്ങളിലൂടെ ഉപഭോക്തൃ സേവനമാണ് ലക്ഷ്യം. മിനിമം പന്ത്രണ്ടാം ക്ലാസ് പാസ് വിദ്യാഭ്യാസ യോഗ്യതയും ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് അല്ലെങ്കില്‍ കന്നഡ ഭാഷകളില്‍ പ്രാവീണ്യവും ഈ തസ്തികകളിലേക്കുള്ള യോഗ്യതാ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുന്നു. ഉദ്യോഗാര്‍ത്ഥികളുടെ പ്രകടനത്തെയും ബിസിനസ്സ് ആവശ്യങ്ങളെയും അടിസ്ഥാനമാക്കി, നിലവിലെ താല്‍ക്കാലിക ജീവനക്കാരുടെ ഒരു ശതമാനം വര്‍ഷാവസാനത്തോടെ സ്ഥിരം സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ സാധ്യതയുണ്ടെന്ന് ആമസോണ്‍ ഇന്ത്യ അറിയിച്ചു.

ഇന്ത്യയിലെയും ആഗോളതലത്തിലെയും നീണ്ട അവധിക്കാലത്തിന്റെ ഭാഗമായി അടുത്ത ആറുമാസത്തിനുള്ളില്‍ ഉപഭോക്തൃ ഗതാഗതം ഇനിയും ഉയരുമെന്ന് കണക്കാക്കുന്നതായി ആമസോണ്‍ ഇന്ത്യ ഡയറക്ടര്‍ (കസ്റ്റമര്‍ സര്‍വീസ്) അക്ഷയ് പ്രഭു പറഞ്ഞു. സാങ്കേതികവിദ്യ, ഇന്‍ഫ്രാസ്ട്രക്ചര്‍, ലോജിസ്റ്റിക് ശൃംഖല എന്നിവയില്‍ തുടര്‍ച്ചയായുള്ള നിക്ഷേപങ്ങളിലൂടെ 2025 ഓടെ ഇന്ത്യയില്‍ ഒരു ദശലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആമസോണ്‍ പദ്ധതിയിട്ടിരുന്നതായി ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ചിരുന്നു. കൂടാതെ കഴിഞ്ഞ ഏഴു വര്‍ഷമായി ആമസോണ്‍ ഇന്ത്യയില്‍ 7 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിരുന്നു. കൊറോണ വൈറസ് മഹാമാരി കണക്കിലെടുത്ത് ലോക്ക്ഡൗണ്‍ ലഘൂകരിച്ച ശേഷം ഉല്‍‌പ്പന്നങ്ങളുടെ ഓണ്‍‌ലൈന്‍ ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുന്നതിനായി ആമസോണ്‍ ഇന്ത്യ ഈ വര്‍ഷം മെയ് മാസത്തില്‍ വെയര്‍‌ഹൗസിങ്, ഡെലിവറി നെറ്റ്‌വര്‍ക്കിലുടനീളം 50,000 സീസണല്‍ ജോലികള്‍‌ ചേര്‍‌ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.