നടിയും ബിഗ് ബോസ് താരവുമായ വനിത വിജയകുമാറുമായുള്ള വിവാഹത്തിന് തൊട്ടുപിന്നാലെ പീറ്റര്‍ പോളിനെതിരേ പരാതി നല്‍കി മുന്‍ഭാര്യ എലിസബത്ത് ഹെലന്‍. താനുമായി വിവാഹമോചനം നേടാതെയാണ് വനിതയെ വിവാഹം കഴിച്ചതെന്നാണ് എലിസബത്തിന്റെ ആരോപണം. പീറ്ററിനെതിരെ വടപ്പളനി പോലീസ് സ്റ്റേഷനിലാണ് എലിസബത്ത് പരാതി നല്‍കിയത്. കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി ഇവര്‍ പിരിഞ്ഞു ജീവിക്കുകയാണ്. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുമുണ്ട്.

തമിഴ്, ഹിന്ദി, ഹോളിവുഡ് സിനിമകളിലെ വിഷ്വല്‍ ഇഫക്‌ട് എഡിറ്ററായ പീറ്റര്‍ പോളും വനിതയും തമ്മിലുള്ള​വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. കുറച്ച്‌ കാലങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു.മകളുടെ വിവാഹത്തില്‍ പിതാവ് വിജയകുമാര്‍, സഹോദരങ്ങളായ ശ്രീദേവി, പ്രീത, കവിത, അനിത, അരുണ്‍ വിജയ് തുടങ്ങിയവരൊന്നും പങ്കെടുത്തില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വനിതയുടെ മൂന്നാം വിവാഹമാണിത്. 2000 ത്തില്‍ ആകാശുമായിട്ടായിരുന്നു ആദ്യ വിവാഹം. 2007 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. അതേവര്‍ഷം ആനന്ദ് ജയ് രാജന്‍ എന്ന ബിസിനസ്സുകാരനെ വിവാഹം ചെയ്തുവെങ്കിലും 2012ല്‍ ഇരുവരും വേര്‍പിരിഞ്ഞു. വിജയ് ശ്രീഹരി, ജോവിത, ജയ്‌നിത എന്നിവരാണ് വനിതയുടെ മക്കള്‍.

1995ല്‍ പുറത്തിറങ്ങിയ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെയാണ് വനിതാ വിജയകുമാര്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നത്. തുടര്‍ന്ന് തമിഴിനൊപ്പം തന്നെ തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളിലും വനിത തിളങ്ങിയിരുന്നു.മലയാളത്തില്‍ ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തിലൂടെയായിരുന്നു നടി എത്തിയത്. 1999ല്‍ ദേവി എന്ന ചിത്രത്തിന് ശേഷം മിനിസ്‌ക്രീന്‍ രംഗത്തായിരുന്നു നടി സജീവമായിരുന്നത്. നിരവധി സീരിയലുകളില്‍ അഭിനയിച്ച താരം അടുത്തിടെയാണ് ബിഗ് ബോസ് ഷോയിലും പങ്കെടുത്തിരുന്നത്.