ബംഗളൂരു: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച്‌ മാസത്തോടെയാണ് രാജ്യത്ത് മിക്ക കമ്ബനികളും ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രൊം ഹോ സംവിധാനം ഒരുക്കിക്കൊടുത്തത്. കൊവിഡ് പ്രതിസന്ധി ഉടലെടുത്തതോടെ രാജ്യത്ത് 94 ശതമാനം ( ഏകദേശം 2,40,000) ജീവനക്കാരും വീടുകളില്‍ നിന്നാണ് ജോലി ചെയ്തിരുന്നത്. ലോക്ക് ഡൗണ്‍ ഇളവുകള്‍ അനുവദിച്ചതോടെ ചില കമ്ബനികള്‍ തുറന്നുപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ചിലര്‍ ഇപ്പോഴും വര്‍ക്കം ഫ്രൊം ഹോം സംവിധാനം തുടരുകയാണ്. ഇപ്പോഴിതാ ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വര്‍ക്ക് ഫ്രം സംവിധാനം സ്ഥിരമാക്കാന്‍ ഒരുങ്ങുകയാണ് മുന്‍നിര ഐടി കമ്ബനിയായ ഇന്‍ഫോസിസ്. ഇപ്പോള്‍ തുടരുന്ന വര്‍ക്ക് ഫ്രം വിജയകരമായതിന്റെ പശ്ചാത്തലത്തിലാണ് ഈ സംവിധാനം സ്ഥിരമാക്കാന്‍ കമ്ബനി ഒരുങ്ങുന്നത്.

രാജ്യത്ത് കൊവിഡ് പ്രതിസന്ധി ഉടലെടുത്ത പശ്ചാത്തലത്തില്‍ ജീവനക്കാര്‍ക്ക് നടപ്പാക്കിയ വര്‍ക്ക് ഫ്രം ഹോ സംവിധാനം ജീവനക്കാരുടെ ഉത്പാദനക്ഷമതയെ ബാധിച്ചിട്ടില്ലെന്ന് ഇന്‍ഫോസിസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ യുബി പ്രവീണ്‍ റാവു പറഞ്ഞു. ഇന്‍ഫോസിസിന്റെ 39ാം വാര്‍ഷികത്തില്‍ ഓഹരി ഉടമകളുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഈ സാഹചര്യത്തില്‍ കമ്ബനിയുടെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍, പദ്ധതി എന്നിവ കൂടി പരിഗണിച്ച്‌ ജീവനക്കാര്‍ക്ക് സൗകര്യപ്രദമായ വര്‍ക്ക് ഫ്രം മാതൃക ആവിഷ്‌കരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

നേരത്തെ ടാറ്റയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ടിസിഎസും വര്‍ക്ക് ഫ്രം ഹോം സംവിദാനം 2025 വരെ തുടരുമെന്ന് അറിയിച്ചിരുന്നു. തങ്ങളുടെ 75 ശതമാനം ജീവനക്കാരെ വര്‍ക്ക് ഫ്രം ഹോം സംവിധാനത്തില്‍ സ്ഥിരപ്പെടുത്താനാണ് ടിസിഎസ് തീരുമാനിച്ചത്. കൊറോണ വൈറസിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയെ മറികടക്കാന്‍ ഇന്‍ഫോസിസിന് സാധിച്ചെന്ന് ചെയര്‍മാന്‍ നന്ദന്‍ നീലകേനി പറഞ്ഞു. 46 രാജ്യങ്ങളിലായി ജീവനക്കാര്‍ വീട്ടില്‍ ഇരുന്ന് ജോലി ചെയ്തതിനെ തുടര്‍ന്നാണ് ഇതിന് സാധ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോഗ്യകരമായ ഇടപാടുകളും വരുമാനത്തിലെ വര്‍ദ്ധനയും കാരണം കമ്ബനിക്ക് 3.6 ബില്യണ്‍ ഡോളറിന്റെ ശക്തമായ ബാലന്‍സ് ഷീറ്റ് ഉണ്ടെന്ന് ഇന്‍ഫോസിസ് സിഇഒ സലീല്‍ പരേഖ് വ്യക്തമാക്കി.