മലപ്പുറം: മലപ്പുറം ജില്ലയില്‍ ആശങ്ക. കൊറോണ വ്യാപനം രൂക്ഷമാകുന്നു. പൊന്നാനി താലൂക്കില്‍ പ്രത്യേക ജാഗ്രത പ്രഖ്യാപിച്ചു. നാല് പഞ്ചായത്തുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണാക്കും. വട്ടംകുളം, മാറഞ്ചേരി, എടപ്പാള്‍, ആലങ്കോട് പഞ്ചായത്തുകള്‍ പൂര്‍ണമായും പൊന്നാനി നഗരസഭ ഭാഗികമായും കണ്ടെയിന്‍മെന്റ് മേഖലയാക്കാനാണ് ജില്ലാ ഭരണകൂടം ശുപാര്‍ശ ചെയ്തിരിക്കുന്നത്.

എടപ്പാളില്‍ ഡോക്ടര്‍മാരടക്കം അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മലപ്പുറത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്. സമൂഹ വ്യാപനമറിയുന്നതിനായി നടത്തിയ സെന്റിനല്‍ സര്‍വൈലന്‍സ് പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നാല് കൊറോണ ബാധിതരുടെ രോ​ഗ ഉറവിടം കണ്ടെത്താനായില്ല. അതേസമയം, നിലവില്‍ സമൂഹ വ്യാപനമുള്ളതായി സൂചനയില്ലെന്ന് മലപ്പുറം ജില്ല കളക്ടര്‍ പറഞ്ഞു. രോ​ഗബാധിതരുടെ റൂട്ട് മാപ്പ് ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.