ദില്ലി: മുന്‍ ഇന്ത്യന്‍ നായകനും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ എം എസ് ധോണിയുടെ പകരക്കാരനാവാന്‍ ഋഷഭ് പന്തിനൊരിക്കലും കഴിയില്ലെന്നും എന്നാല്‍ പന്തിന് പ്രത്യേക പരിഗണന ടീം മാനേജ്മെന്റ് നല്‍കുന്നുണെന്നും ഇന്ത്യന്‍ ടീം ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോര്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി വിക്കറ്റ് കീപ്പറെ കുറിച്ച്‌ അദ്ദേഹത്തോട് ചോദിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.

ധോണിയുടെ തിരിച്ചുവരവിനെ കുറിച്ച്‌ ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മടങ്ങിവരവ് സംബന്ധിച്ച്‌ ഒന്നും പറയാനാവില്ലെന്നും ഇപ്പോള്‍ അദ്ദേഹം പുറത്താണ്. എന്നിരുന്നാലും ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ മഹത്തായ പ്രകടങ്ങളാണ് പുറത്തെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

പന്തിനെ സംബന്ധിച്ചിടത്തോളം ധോണിയെ പോലെ ഒരു താരത്തിന്റെ പകരക്കാരനാവുക എന്നുള്ളത് ബുദ്ധിമുട്ടേറിയ കാര്യമാണ്. കഴിഞ്ഞ വര്‍ഷം അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടില്ല. പക്ഷെ പന്തിന് പ്രത്യേക പരിഗണന ടീം മാനേജ്മെന്റ് നല്‍കുന്നുണ്ടെന്നും പന്ത് ഫോമിലേക്ക് തിരിച്ചെത്തും. പന്തിന് കുറച്ച്‌ പരാജയങ്ങളുണ്ട്, അതിനാല്‍ പ്രകടനം നടത്താന്‍ അദ്ദേഹത്തിന് സമ്മര്‍ദ്ദമുണ്ട്, എന്നാല്‍ ടീമിന് വേണ്ട പിന്തുണ നല്‍കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നാണ് കരുതുന്നതെന്നും റാത്തോര്‍ പറഞ്ഞു.