കൊച്ചി: ബാര്‍ കൗണ്‍സില്‍ ചരിത്രത്തിലാദ്യമായി ഓണ്‍ലൈനായി അഭിഭാഷകരുടെ എന്റോള്‍മെന്റ് ചടങ്ങ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ സത്യവാചകം ചൊല്ലി 785 പേര് അഭിഭാഷകരായി എന്‍ റോള്‍ ചെയ്തു. രാജ്യത്തുതന്നെ ഇതാദ്യമായാണ് ഓണ്‍ലൈന്‍ എന്‍ റോള്‍മെന്റ് സംഘടിപ്പിച്ചത്. കേരള ബാര്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ചെയര്മാന് അഡ്വ. കെ.പി. ജയചന്ദ്രന് സത്യവാചകം ചൊല്ലിക്കൊടുത്തു.
കേരളത്തിനു പുറമേ തമിഴ്നാട്ടിലും ഡല്‍ഹിയിലും ആന്ഡമാനിലുമിരുന്നു നിയമ ബിരുദധാരികള്‍ സത്യവാചകം ഏറ്റു ചൊല്ലി അഭിഭാഷകരായി. 25 പേരുള്‍പ്പെട്ട ഓരോ ഗ്രൂപ്പായാണ് സത്യവാചകം ചൊല്ലിയത്. സത്യപ്രതിജ്ഞയ്ക്കു ശേഷം ഇവരെ പ്രത്യേകം വിളിച്ച് എന്‍ റോള്‍ ചെയ്തതായി അറിയിച്ചതോടെ ചടങ്ങ് സമാപിച്ചു. കോവിഡ് ഭീഷണി ഒഴിഞ്ഞ ശേഷം ഇവര്‍ക്കു സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. ഓണ്‍ലൈനായി എന്‍ റോള്‍ ചെയ്തവര്‍ക്ക് അടുത്തദിവസം മുതല്‍ അഭിഭാഷകരായി പ്രാക്ടീസ് തുടങ്ങാന്‍ കഴിയുമെന്നു ബാര്‍ കൗണ്‍സില്‍ അധികൃതര്‍ അറിയിച്ചു.
ഹൈക്കോടതിയില്‍ നിയമവിദഗ്ധരുടെയും, കുടുംബാംഗങ്ങളുടെയും മുന്നില്‍ വെച്ച് പ്രൗഡമായ നടന്നിരുന്ന ചടങ്ങാണ് ഇക്കുറി ഓണ്‍ലൈനായത്. ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് ആയിരക്കണക്കിന് നിയമ വിദ്യാര്‍ത്ഥികളാണ് എന്റോള്‍മെന്റ് നടത്താനാകാതെ പ്രതിസന്ധിയിലായതിനേത്തുടര്ന്ന് തൃശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശിയും നിയമബിരുദധാരിയുമായ ഹരികൃഷ്ണന് കെ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിച്ചായിരുന്നു വിര്‍ച്വലായി എന്റോള്‍മെന്റ് നടത്താന്‍ അനുമതി ലഭിച്ചത്. വെബ് എക്സ് ആപ്ലിക്കേഷന്റെ സഹായത്തോടെ ഇന്നലെ രാവിലെ പത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. അഡ്വക്കറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദ്, പി. സന്തോഷ് കുമാര്‍, എന്‍. മനോജ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.