ദില്ലി: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പിന്നിട്ടു. മരണം അഞ്ചുലക്ഷത്തിലേറെയായി. 24 മണിക്കൂറിനിടെ ഒന്നരലക്ഷത്തിലേറെ പേരാണ് രോഗബാധിതരായത്. ലോകത്താകെ ആശങ്കയേറ്റി കൊവിഡ് പടരുകയാണ്. മെയ് അവസാനത്തോടെ രോഗവ്യാപനം കുറഞ്ഞു തുടങ്ങിയിരുന്നെങ്കിലും ഒരു മാസത്തിനിപ്പുറം കണക്കുകൂട്ടലുകള്‍ തെറ്റിച്ച്‌ മുന്നേറുകയാണ് കൊവിഡ് ബാധിതര്‍. 24 മണിക്കൂറിനിടെ, രോഗബാധിതരായത് ഒന്നര ലക്ഷത്തിലേറെ പേരാണ്.

അമേരിക്കയിലും, ബ്രസിലീലും റഷ്യയിലും രോഗ ബാധിരുടെ എണ്ണം ഏറുകയാണ്. 24 മണിക്കൂറിനിടെ അമേരിക്കയിലാണ് ഏറ്റവും അധികം പേര്‍ക്ക് രോഗബാധയുണ്ടായത്. യുഎസില്‍ ആകെ രോഗബാധിതരുടെ എണ്ണം 25 ലക്ഷം പിന്നിട്ടു. ബ്രസീലില്‍ 13 ലക്ഷത്തിലേറെയായി രോഗബാധിതര്‍. റഷ്യയില്‍ ആറേകാല്‍ ലക്ഷം പിന്നിട്ടു. ഇന്ത്യയില്‍ 5 ലക്ഷവും. ലോകത്താകെ 4,461 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ ആകെ മരണം 5 ലക്ഷം കവിഞ്ഞു.

അമേരിക്കയില്‍ ഒന്നേകാല്‍ ലക്ഷത്തിലേറെ പേരും ബ്രസീലില്‍ അര ലക്ഷത്തിലേറെ പേരും ഇതിനോടകം മരിച്ചു. അരക്കോടിയിലേറെ പേരാണ് ലോകത്ത് ഇതിനോടകം കൊവിഡില്‍ നിന്ന് രോഗമുക്തരായത്. ചൈനയിലെ വുഹാനില്‍ 2019 ഡിസംബര്‍ 31 ന് റിപ്പോര്‍ട്ട് ചെയ്ത രോഗം 6 മാസം കൊണ്ടാണ് ഒരു കോടി പിന്നിടുന്നത്.