ന്യൂയോര്‍ക്ക്: ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം 48 ലക്ഷം കവിഞ്ഞു. മരണസംഖ്യ 3.16 ലക്ഷമായി. 18 ലക്ഷത്തിലേറെ പേര്‍ക്കാണ് രോഗം ഭേദമായത്. ഇന്നലെ മാത്രം 82,257 പുതിയ രോഗികളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള യു.എസില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇന്നലെ 19,891 പേര്‍ക്ക് കൂടി യു.എസില്‍ രോഗം സ്ഥിരീകരിച്ചു. 865 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 90,978 ആയി. ആകെ 15.27 ലക്ഷം പേര്‍ക്കാണ് യു.എസില്‍ കോവിഡ് ബാധിച്ചത്.

രോഗികളുടെ എണ്ണത്തില്‍ രണ്ടാമതുള്ള റഷ്യയില്‍ 2.81 ലക്ഷം പേര്‍ക്കാണ് കോവിഡ് ബാധ. ഇന്നലെ 9709 പേര്‍ക്ക് സ്ഥിരീകരിച്ചു. 94 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം റഷ്യയില്‍ 2631 ആയി.

കോവിഡ് കനത്ത നാശം വിതച്ച യൂറോപ്യന്‍ രാജ്യങ്ങളായ ഇറ്റലി, സ്പെയിന്‍, യു.കെ എന്നിവിടങ്ങളില്‍ മരണസംഖ്യക്ക് കുറവുവന്നത് ആശ്വാസത്തിനിടയാക്കി. സ്പെയിനില്‍ 87, ഇറ്റലിയില്‍ 145, യു.കെയില്‍ 170 എന്നിങ്ങനെയാണ് ഇന്നലെ മരണം. അതേസമയം, ഫ്രാന്‍സില്‍ 483 പേര്‍ കൂടി മരിച്ച്‌ ആകെ മരണം 28,000 കടന്നു.

24 മണിക്കൂറിനിടെ 485 പേര്‍ മരിച്ച ബ്രസീലിലും സ്ഥിതി ഗുരുതരമാണ്. 2.41 ലക്ഷം പേര്‍ക്കാണ് ബ്രസീലില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 7938 പേര്‍ക്ക് സ്ഥിരീകരിച്ചു. ആകെ മരണം 16,118 ആയി.

ഇന്ത്യയില്‍ 154 പേരാണ് 24 മണിക്കൂറില്‍ മരിച്ചത്. ആകെ മരണസംഖ്യ 3025 ആയി. രോഗബാധിതരുടെ എണ്ണം 95,698 ആയി. 5050 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.