കണ്ണൂര്‍: ജില്ലയില്‍ രണ്ടു പേര്‍ക്കു കൂടി ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. മെയ് ആറിന് ചെന്നൈയില്‍ നിന്നെത്തിയ പാട്യം സ്വദേശി 24കാരനും മെയ് 13ന് മുംബൈയില്‍ നിന്നെത്തിയ മാലൂര്‍ തോലമ്ബ്ര സ്വദേശി 27കാരനുമാണ് പുതുതായി കൊവിഡ് ബാധിച്ചത്. ഇരുവരും അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് ചികില്‍സാ കേന്ദ്രത്തില്‍ നിന്ന് മെയ് 15ന് സ്രവ പരിശോധനയ്ക്ക് വിധേയരായിരുന്നു. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 123 ആയി. ഇതില്‍ 118 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

നിലവില്‍ കൊറോണ ബാധ സംശയിച്ച്‌ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5240 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 23 പേരും കൊവിഡ് ചികില്‍സാ കേന്ദ്രത്തില്‍ 10 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ആറുപേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ അഞ്ചു പേരും വീടുകളില്‍ 5196 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 4816 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 4713 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 4467 എണ്ണം നെഗറ്റീവാണ്. 103 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.