കരിപ്പൂര്‍: പുലര്‍ച്ചെ എത്തിയ അബുദാബി വിമാനത്തില്‍ കോവിഡ് ലക്ഷണമുള്ള യാത്രക്കാരെ കണ്ടെത്തി.നാലുപേര്‍ക്കാണ് കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇവരെ മഞ്ചേരി,കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ എത്തിയ അബുദാബി വിമാനത്തില്‍ 190 യാത്രക്കാരാണ് വന്നത്.

വന്ദേഭാരത് ദൗത്യത്തിന്‍റെ ഭാഗമായി ഗള്‍ഫില്‍നിന്ന് കേരളത്തിലേക്ക് ഇന്ന് നാല് വിമാനങ്ങളെത്തും. ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം വൈകിട്ട് അഞ്ച് നാല്‍പ്പതിന് നെടുമ്ബാശ്ശേരിയിലെത്തും. മസ്ക്കറ്റില്‍ നിന്ന് തിരുവനന്തപുരത്തേക്കാണ് രണ്ടാമത്തെ വിമാനം. വൈകിട്ട് ആറ് മുപ്പത്തഞ്ചിനാണ് വിമാനമെത്തുന്നത്. അബുദബിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം രാത്രി എട്ട് നാല്‍പ്പതിനും ദുബായില്‍ നിന്ന് കണ്ണൂരിലേക്കുള്ളത് രാത്രി എട്ട് അന്‍പത്തഞ്ചിനുമെത്തും.

നാല് വിമാനങ്ങളിലുമായി 708 യാത്രക്കാരാണ് നാടണയാനൊരുങ്ങുന്നത്. ദുബായിലും അബുദബിയിലും തെര്‍മല്‍ സ്കാനിങ്ങും റാപ്പിഡ് ടെസ്റ്റും നടത്തിയശേഷമാണ് യാത്രാനുമതി നല്‍കുന്നത്. മസ്ക്കറ്റില്‍ തെര്‍മല്‍ സ്കാനിങ് മാത്രമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍ഗണനാക്രമത്തില്‍ തിരഞ്ഞെടുത്തവര്‍ക്ക് ടിക്കറ്റ് നല്‍കിക്കഴിഞ്ഞു.