കണ്ണൂര്‍: കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണവുമായി സിപിഎം നേതാവ് എംവി ജയരാജന്‍. ലോക്ക്ഡൗണ്‍ മൂലം വിദേശത്ത് കുടുങ്ങിയ പ്രവാസികളെ പാസ് നല്‍കി കൊണ്ടുവരാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടികള്‍ തകര്‍ക്കാന്‍ കോണ്‍ഗ്രസ് ബോധപൂര്‍വം ശ്രമം നടത്തുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് നേതാക്കള്‍ ആംബുലന്‍സില്‍ അനുമതിയില്ലാതെ കര്‍ണ്ണാടകത്തില്‍ നിന്നും മനുഷ്യക്കടത്തിന് നേതൃത്വം കൊടുക്കുകയാണെന്ന ഗുരുതര ആരോപണവും ഉന്നയിച്ചു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ വാളയാറില്‍ എത്തിച്ച ആള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ നിരവധി പേരാണ് നിരീക്ഷണത്തില്‍ പോകേണ്ടി വന്നതെന്നും, കോണ്‍ഗ്രസ് ശ്രമിക്കുന്നത് രോഗവ്യാപനം വര്‍ധിപ്പിച്ച്‌ മരണനിരക്ക് വര്‍ധിപ്പിക്കാനാണെന്നും എംവി ജയരാജന്‍ പറഞ്ഞു.