മാസ്ക്കുകളും സാനിറ്റൈസറുകളും വിറ്റയിനത്തില്‍ കോട്ടയം സബ് ജയിലിന് ലഭിച്ചത് ഒരു ലക്ഷത്തോളം രൂപ. ജയില്‍ ഡി.ജി.പിയുടെ നിര്‍ദ്ദേശ പ്രകാരമാണ് മാസ്ക്കുകളും സാനിറ്റൈസറുകളുടേയും നിര്‍മ്മാണം ജയിലുകളില്‍ ആരംഭിച്ചത്. ജയിലുകളില്‍ ഉളള തടവുകാരാണ് മാസ്ക്കുകളും സാനിറ്റൈസറുകളും നിര്‍മ്മിക്കുന്നത്.

ഗുണമേന്മ ഒട്ടും ചോരാതെയാണ് കോട്ടയം സബ് ജയിലിലെ തടവുകാര്‍ മാസ്ക്കുകളും സാനിറ്റൈസറുകളും നിര്‍മ്മിക്കുന്നത്. തയ്യല്‍ ജോലിയില്‍ താത്പര്യമുള്ള ഏഴു തടവുകാരാണ് മാസ്കുകള്‍ ഒരുക്കുന്നത്. ഇതില്‍ രണ്ടു പേര്‍ വനിതകളാണ്. പ്രതിദിനം നാനൂറോളം മാസ്കുകള്‍ ഇവര്‍ തയ്യാറാക്കും. രണ്ടു പാളികളുള്ള കഴുകി ഉപയോഗിക്കാവുന്ന മാസ്ക് ഒന്നിന് പത്തു രൂപയാണ് വില. ഇതിനകം ഒരു ലക്ഷത്തോളം രൂപയുടെ മാസ്ക്കുകളഉം സാനിറ്റൈസറുകളും ഇവിടെ നിന്ന് വിറ്റ് പോയിട്ടുണ്ട്. ബി.സി.എം കോളേജിന്‍റേയും ജനറല്‍ ആശുപത്രിയുടേയും പിന്തുണയോടെയാണ് സാനിറ്റൈസര്‍ നിര്‍മ്മാണം നടക്കുന്നത്. പൊതുജനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇവിടെ നിന്ന് മാസ്ക്കുകളും സാനിറ്റൈസറും വാങ്ങാം. വില്‍പ്പനയിലൂടെ ലഭിക്കുന്ന തുകയില്‍ നിന്നും 127 രൂപ വീതം ദിവസ കൂലിയായി ജോലിയില്‍ ഏര്‍പ്പെട്ട തടവുകാര്‍ക്ക് നല്‍കും. ബാക്കി തുക സര്‍ക്കാരിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും കൈമാറും.