താലിബാനെ ഇല്ലാതാക്കാന്‍ ഇന്ത്യയുടെ സഹായം അഭ്യര്‍ത്ഥിച്ച്‌ അമേരിക്ക ,ഐഎസിനു പുറകെ താലിബാനെ വേരോടെ പിഴുതെറിയാന്‍ സന്നദ്ധമെന്ന് ഇന്ത്യ യുഎസിനെ അറിയിച്ചു. തീവ്രവാദ സംഘടനയായ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ കൂടുതല്‍ ശക്തമായി പിടിമുറുക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയോട് സഹായമഭ്യര്‍ത്ഥിച്ച്‌ അമേരിക്കന്‍ പ്രതിനിധി രംഗത്ത് എത്തിയത്. യു.എസ് പ്രത്യേക നയതന്ത്ര പ്രതിനിധി സല്‍മായ് ഖലീല്‍സാദ് ആണ് ഇന്ത്യയോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. താലിബാനുമായി ഇന്ത്യ നേരിട്ട് ഇടപെടണമെന്നും തീവ്രവാദവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നുമാണ് സല്‍മായ് ഖലീല്‍സാദ് ആവശ്യപ്പെടുന്നത്.

കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ എത്തിയിരുന്ന ഖലീല്‍സാദ് ഒരു അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. വിഷയത്തില്‍ ഇന്ത്യ ഊര്‍ജിതമായി ഇടപെടണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും ഖലീല്‍സാദ് വ്യക്തമാക്കി. ശേഷം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും, കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായും ഖലീല്‍സാദ് ചര്‍ച്ചകള്‍ നടത്തിയിരുന്നു.

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തീവ്രവാദം രൂക്ഷമാകുന്നത് ഇന്ത്യയെ അസ്വസ്ഥമാക്കുന്നുണ്ടെന്നും അതിനെ ഇല്ലായ്മ ചെയ്യുന്നതിനായി പാകിസ്ഥാനില്‍ തീവ്രവാദികള്‍ക്കായി തയ്യാറാക്കപ്പെട്ടിട്ടുള്ള അഭയസ്ഥാനങ്ങളെ ഇല്ലായ്മ ചെയ്യുകയാണ് വേണ്ടതെന്നും ചര്‍ച്ചയില്‍ ഡോവലും ജയ്ശങ്കറും അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. ഈ മാര്‍ഗത്തിലൂടെ മാത്രമേ അഫ്ഗാനിസ്ഥാനില്‍ സമാധാനം പുലരുകയുള്ളൂ എന്നും ഇരുവരും അഭിപ്രായപ്പെട്ടു.

ഖലീല്‍സാദിന്റെ ഈ അഭ്യര്‍ത്ഥനയോടു ഇന്ത്യ ഇനിയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും താലിബാന്‍ തീവ്രവാദത്തിന്റെ അന്ത്യമാണ് ഇന്ത്യയും ആഗ്രഹിക്കുന്നത്. പാകിസ്ഥാന്‍ സൈന്യവുമായി നേരിട്ട് ബന്ധമുള്ള തീവ്രവാദ സംഘടനയാണ് താലിബാന്‍ എന്നതിനാല്‍ ഈ വിഷയത്തില്‍ നേരിട്ട് ഇടപെടാന്‍ കാലാകാലങ്ങളായി ഇന്ത്യ മടി കാട്ടിവരികയായിരുന്നു. ആ ശീലത്തിന് മാറ്റം വരുത്തുന്നതിന്റെ സൂചനയാണ് ഇപ്പോള്‍ കാണുന്നത്.