• ഡോ. ജോര്‍ജ് എം. കാക്കനാട്ട്

ഹ്യൂസ്റ്റണ്‍: കൊറോണയ്‌ക്കെതിരേയുള്ള മരുന്നായി ക്ലോറോക്വിന്‍ അവതരിപ്പിച്ച ട്രംപിന് അടിതെറ്റുന്നു. കൊറോണ വൈറസ് രോഗികളില്‍ ക്ലോറോക്വിന്‍ എന്ന മരുന്ന് ഉപയോഗിക്കുന്നതിനെ എതിര്‍ത്തതിനാലാണ് ബയോമെഡിക്കല്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് അതോറിറ്റിയില്‍ നിന്ന് തന്നെ നീക്കം ചെയ്തതെന്ന ആരോപണവുമായി ഡോ. റിക്ക് ബ്രൈറ്റ് രംഗത്തുവന്നു. കോടിക്കണക്കിനു ഡോളറിന്റെ ക്ലോറോക്വിന്‍ മരുന്നുകളാണ് ഫെഡറല്‍-സംസ്ഥാന ഗോഡൗണുകളില്‍ ഉപയോഗശൂന്യമായി കെട്ടിക്കിടക്കുന്നത്. ഇന്ത്യയാണ് ക്ലോറോക്വിന്നിന്റെ ഏറ്റവും വലിയ ഉത്പാദകര്‍. മലേറിയക്കെതിരേ ഉപയോഗിക്കുന്ന ഈ മരുന്നിനു വേണ്ടി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് ടെലിഫോണില്‍ വിളിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത്രയധികം ആവശ്യത്തോടെ സംഭരിച്ച ടണ്‍ കണക്കിനു മരുന്നുകളാണ് ആര്‍ക്കും ആവശ്യമില്ലാതെ വന്നിരിക്കുന്നത്. ഇത് ശുപാര്‍ശ ചെയ്യാതിരുന്നത് ഡോ. ബ്രൈറ്റാണെന്നാണ് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.

പ്രസിഡന്റ് ട്രംപ് വ്യാപകമായി പ്രചരിപ്പിച്ച ക്ലോറോക്വിന്‍ മരുന്നിനെ പിന്തുണയ്ക്കുന്നതിന് മതിയായ ഡാറ്റ ഇല്ലെന്നും പ്രതികൂലവും മാരകവുമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ബ്രൈറ്റ് പറഞ്ഞിരുന്നു. കൊറോണ വൈറസ് വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നതില്‍ ഉള്‍പ്പെട്ടിരുന്ന ഫെഡറല്‍ ഏജന്‍സിയുടെ തലവനായ വിസില്‍ ബ്ലോവറായിരുന്നു ബ്രൈറ്റ്. ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍ പകര്‍ച്ചവ്യാധിയെക്കുറിച്ചുള്ള ‘ഭയാനകമായ പ്രവചനങ്ങള്‍’ അവഗണിച്ചുവെന്നും കോവിഡ് 19 വ്യാപനം ‘വഷളാകുമെന്ന്’ കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അദ്ദേഹം പറയുന്നു.

‘വിസില്‍ബ്ലോവര്‍ എന്ന് വിളിക്കപ്പെടുന്ന റിക്ക് ബ്രൈറ്റ് ഒരാളെ എനിക്കറിയില്ല, അദ്ദേഹത്തെ ഒരിക്കലും കണ്ടിട്ടില്ല, കേട്ടിട്ടില്ല,’ ട്രംപ് ട്വിറ്ററില്‍ എഴുതി, ‘എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഒരു അസംതൃപ്തനായ ജോലിക്കാരനാണ്, ഞാന്‍ സംസാരിച്ച ആളുകളോട് അദ്ദേഹത്തിന് ഇഷ്ടക്കുറവും ബഹുമാനക്കുറവുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മനോഭാവത്തോടെ മേലില്‍ നമ്മുടെ സര്‍ക്കാരിനുവേണ്ടി ആരും പ്രവര്‍ത്തിക്കരുത്!’ ട്രംപ് വ്യക്തമാക്കി. എന്നാല്‍, ഹൗസ് എനര്‍ജി ആന്റ് കൊമേഴ്‌സ് കമ്മിറ്റിയുടെ ആരോഗ്യ ഉപസമിതിക്ക് മുമ്പാകെ നല്‍കിയ സാക്ഷ്യപത്രത്തില്‍ ഡോ. ബ്രൈറ്റ്, ‘ഈ മഹാമാരിയെ പരിഹരിക്കുന്നതിനായി ട്രംപ് ഭരണകൂടം ജാലകം അടയ്ക്കുകയാണ്’ എന്നാണ് ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കിയത്. ഭരണകൂടം ഉടനടി വേണ്ടതു ചെയ്തില്ലെങ്കില്‍ ഈ വര്‍ഷം ‘ആധുനിക ചരിത്രത്തിലെ ഇരുണ്ട ശൈത്യകാലം’ കൊണ്ടുവരുമെന്ന് അദ്ദേഹം പറയുന്നു.

കോവിഡിനെതിരേ ഒരു ദേശീയ പരീക്ഷണ തന്ത്രം വികസിപ്പിക്കാനും അവശ്യ മെഡിക്കല്‍ ഉപകരണങ്ങളുടെ തുല്യമായ വിതരണ’ത്തിന് ഒരു പദ്ധതി തയ്യാറാക്കാനും അദ്ദേഹം ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. കോവിഡ് 19 ചികിത്സയ്ക്കായി ട്രംപ് പ്രോത്സാഹിപ്പിച്ച മലേറിയ മരുന്നിന്റെ വ്യാപകമായ വിതരണത്തെ എതിര്‍ത്തതിനെത്തുടര്‍ന്ന് ‘ബാര്‍ഡ’യില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടതായും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്തില്‍ താഴ്ന്ന ജോലിയില്‍ നിയമിച്ചതായും ഡോ. ബ്രൈറ്റ് ആരോപിച്ചു. വൈറസ് രോഗികള്‍ക്ക് സഹായകരമാണെന്ന് തെളിഞ്ഞ റെംഡെസിവിര്‍ എന്ന മരുന്ന് സംഭരിക്കാന്‍ താന്‍ നേരത്തെ ഫെഡറല്‍ ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നതായും എന്നാല്‍ അവരത് അവഗണിച്ചതായും അദ്ദേഹം നിയമസഭാംഗങ്ങളോട് പറഞ്ഞു. റെംഡെസിവിറിനു പകരം, ഹൈഡ്രോക്‌സി ക്ലോറോക്വിനു വേണ്ടി ഒരു ‘വിപുലീകൃത ആക്‌സസ്’ പ്രോഗ്രാം സൃഷ്ടിക്കാന്‍ അദ്ദേഹത്തോടു നിര്‍ദ്ദേശിക്കുകയായിരുന്നു. മലേറിയ മരുന്നിന്റെ വിജയം സംബന്ധിച്ച വിവരങ്ങളുടെ അഭാവത്തില്‍ പോലും ക്ലിനിക്കല്‍ ട്രയലാണ് ട്രംപ് തിരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, മൂന്ന് മില്യണ്‍ ആളുകള്‍ കഴിഞ്ഞയാഴ്ച തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി പുതിയ ക്ലെയിമുകള്‍ സമര്‍പ്പിച്ചതായി യുഎസ് സര്‍ക്കാര്‍ അറിയിച്ചു. മാര്‍ച്ച് അവസാനം മുതല്‍ പ്രതിവാര പുതിയ ക്ലെയിമുകളുടെ എണ്ണം കുറഞ്ഞുവരികയാണെങ്കിലും, ഏറ്റവും പുതിയ റിപ്പോര്‍ട്ട് എട്ട് ആഴ്ചത്തെ മൊത്തം 36 ദശലക്ഷത്തിലധികമായി ഉയര്‍ത്തി. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ ഭൂരിഭാഗവും അടച്ചുപൂട്ടുന്നതിനുമുമ്പ് ചിന്തിക്കാന്‍ പോലും കഴിയാത്ത ഒരു സംഖ്യയാണിത്. ഫെഡറല്‍ റിസര്‍വ് ചെയര്‍ ജെറോം എച്ച്. പവല്‍ മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ഈ റിപ്പോര്‍ട്ട് പുറത്തു വന്നത്. അമേരിക്ക ‘ആധുനിക മാതൃകകളില്ലാതെ’ സാമ്പത്തിക തകര്‍ച്ച നേരിടുന്നതെന്നും ദീര്‍ഘകാല തൊഴിലില്ലായ്മ തടയാന്‍ നിയമനിര്‍മ്മാതാക്കള്‍ കൂടുതല്‍ ഒന്നും ചെയ്യുന്നില്ലെങ്കില്‍ ദീര്‍ഘകാല നാശനഷ്ടമുണ്ടാകുമെന്നും ജെറോം മുന്നറിയിപ്പ് നല്‍കി.

രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ സംഖ്യ 85,463-ത്തിലെത്തി. പകര്‍ച്ചവ്യാധി പിടിപ്പെട്ടവരുടെ സംഖ്യ 1,436,535 ആയി ഉയര്‍ന്നു. ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ എണ്ണം കഴിഞ്ഞയൊരാഴ്ചയായി കൂട്ടിയോജിപ്പിക്കാന്‍ കഴിയുന്നില്ലെന്ന വലിയ പരാധീനതയും രാജ്യം നേരിടുന്നു. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്ന രോഗികളുടെ ഡേറ്റ ക്രോഡീകരിക്കാന്‍ കഴിയുന്നില്ലെന്നത് വലിയ പ്രതിസന്ധിയായി കഴിഞ്ഞു. എന്നാല്‍ രോഗം ഭേദമായവര്‍, 310, 834 പേരാണത്രേ. അതായത്, ഇപ്പോഴും രോഗാവസ്ഥയില്‍ വിവിധ ആശുപത്രിയില്‍ ചികിത്സയിലുള്ളത് പത്തു ലക്ഷത്തിനു മുകളില്‍ രോഗികളാണ്. ഇതു കാണാതെയാണ്, ഇപ്പോഴും ക്ലോറോക്വിന്‍- റെംഡെസിവിര്‍ യുദ്ധം അമേരിക്കയില്‍ പുരോഗമിക്കുന്നത്.