ന്യൂയോര്‍ക്ക്: കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്ന്‍ ലോകവ്യാപകമായി പൊതു വിശുദ്ധ കുർബാനയർപ്പണം റദ്ദാക്കപ്പെട്ട സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വഴി വിശുദ്ധ കുർബാനയുടെ തത്സമയ സംപ്രേഷണത്തിലാണ് വിശ്വാസികൾ ആശ്രയിച്ചിരിക്കുന്നത്. വിശ്വാസികളും വൈദികരും ഒരുപോലെ ഈ മാറ്റത്തോട് പൊരുത്തപ്പെടുവാന്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍, വിശ്വാസികളുടെ നേരിട്ടുള്ള സാന്നിധ്യത്തില്‍ നടത്തപ്പെടുന്ന യഥാര്‍ത്ഥ ബലിയർപ്പണത്തേക്കാൾ ഓണ്‍ലൈന്‍ ബലിയർപ്പണം എത്രമാത്രം ഫലവത്താണ്‌ എന്നതിനെ കുറിച്ചുള്ള ചൂടേറിയ ചര്‍ച്ചയിലാണ് പ്രമുഖ ആരാധനാക്രമ പണ്ഡിതര്‍. നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും പുതിയ പരമ്പരയായ ദി ക്രൌണ്‍ കാണുന്ന മനോഭാവത്തോടെ ടി.വി യിലെ വിശുദ്ധ കുർബാനയിൽ പങ്കുചേരുന്നത് വിശുദ്ധ കുർബാനയിലെ യഥാര്‍ത്ഥ പങ്കാളിത്തമല്ലെന്നാണ് നോട്രഡാം സര്‍വ്വകലാശാലയിലെ സെന്റര്‍ ഫോര്‍ ലിറ്റര്‍ജി അക്കാദമിക് ഡയറക്ടറായ തിമോത്തി ഒ’ മാല്ലി പറയുന്നത്.

എന്നാല്‍ പരമ പ്രധാനമായ ആരാധന എന്ന നിലയില്‍ ഓണ്‍ലൈന്‍ കുർബാനയെ സമീപിച്ചാല്‍ കുഴപ്പമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യേല്‍ ഡിവിനിറ്റി സ്കൂളിലെ കത്തോലിക്കാ തിയോളജി പ്രൊഫസറായ തോമസ്‌ ഇ. ഗോള്‍ഡന്‍ ജൂനിയറിനും സമാനമായ അഭിപ്രായമാണ് പങ്കുവെച്ചത്. ഇഷ്ടിക കൊണ്ട് പണിത ദേവാലയങ്ങളിലെ കുര്‍ബാനകളിലും സജീവമായ പങ്കാളിത്തം ഉണ്ടാകാറില്ല എന്ന കാര്യവും അവര്‍ ചൂണ്ടിക്കാട്ടി. ഓണ്‍ലൈന്‍ കുര്‍ബാനയിലെ പങ്കാളിത്തം ശരിയായ പങ്കാളിത്തം അല്ലെന്നാണ് വില്ലനോവ സര്‍വ്വകലാശാലയിലെ ദൈവശാസ്ത്രജ്ഞനായ മാസ്സിമോ ഫാഗ്ഗിയോളി പറയുന്നത്. ലോക്ക് ഡൗണിന് ശേഷവും വിശ്വാസികൾ ഓൺലൈൻ ബലിയർപ്പണത്തെ ആശ്രയിക്കുവാൻ സാധ്യത ഉള്ളതിനാൽ ഈ മുന്നറിയിപ്പുകൾക്ക് അതീവ പ്രാധാന്യമുണ്ട്.