ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 9227 ആയി വര്‍ധിച്ചു. 509 പേര്‍ക്കാണ് ഇന്ന് മാത്രം കൊവിഡ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 64 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചിരിക്കുന്നത്. ഇന്ന് മാത്രം മൂന്ന് പേരാണ് മരിച്ചത്.

അതേസമയം, ചെന്നൈയില്‍ മാത്രം രോഗബാധിതരുടെ എണ്ണം 5000 കടന്നെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് 380 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയില്‍ മടങ്ങിയെത്തിയ ഒമ്ബത് പ്രവാസികളും ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഗള്‍ഫില്‍ നിന്ന് ഞായറാഴ്ചയും ചൊവ്വാഴ്ചയുമായി മടങ്ങിയെത്തിയവരാണ് ഇവര്‍.

തേനി, തിരുനെല്‍വേലി അതിര്‍ത്തിജില്ലകളിലും രോഗബാധിതരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. കോയമ്ബത്തൂര്‍, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

24 മണിക്കൂറിനിടെ 798 പേരാണ് ഇന്നലെ തമിഴ്‌നാട്ടില്‍ രോഗബാധിതരായത്. അതീവഗുരുതരമാണ് സംസ്ഥാനത്തെ സ്ഥിതിഗതികള്‍. ഏഴ് ദിവസത്തില്‍ ശരാശരി 12.31 ശതമാനം രോഗികള്‍ തമിഴ്‌നാട്ടില്‍ കൂടുന്നത് കേരളത്തിനും കടുത്ത ആശങ്കയാണ്.