ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സിംഗ് തുടങ്ങി. ലോക്ക് ഡൗണ്‍ നീട്ടണമെന്ന് അഞ്ച് സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. അതേസമയം രാജ്യമാകെ ഒരേ സ്വഭാവത്തില്‍ ലോക്ഡൗണ്‍ ഇനി തുടരാന്‍ കഴിയില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന് മുന്നിലുള്ള നിര്‍ദേശം. സാമ്ബത്തികമേഖലയ്ക്ക് ഉണര്‍വേകും വിധത്തില്‍ ഇളവുകള്‍ വേണമെന്ന് ചീഫ് സെക്രട്ടറിമാര്‍ കാബിനറ്റ് സെക്രട്ടറിയെ ഇന്നലെ അറിയിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ഇന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നത്.

തീവ്രബാധിത മേഖലകളില്‍ കര്‍ശന നിയന്ത്രണം തുടരുന്നതിനൊപ്പം ഗ്രീന്‍, ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ കൂടുതല്‍ ഇളവ് അനുവദിക്കുന്നത് സര്‍ക്കാര്‍ പരിഗണനയിലുണ്ട്. ആഭ്യന്തര വിമാന സര്‍വീസ് വൈകാതെ ആരംഭിക്കണമെന്ന നിലപാടിലാണ് വ്യോമയാനമന്ത്രാലയം. ട്രെയിന്‍ സര്‍വീസുകള്‍ നാളെ മുതല്‍ ഘട്ടംഘട്ടമായി പുന:രാരംഭിക്കാന്‍ റെയില്‍വേ മന്ത്രാലയം തീരുമാനിച്ചു കഴിഞ്ഞു.ഇതെല്ലാം യോഗത്തില്‍ ചര്‍ച്ചയാകും.

രാജ്യത്തെ രോഗബാധയുടെ അമ്ബത് ശതമാനമുള്ള ഡല്‍ഹി, പൂന്നെ, മുംബയ്, അഹമ്മദാബാദ്, ചെന്നൈ നഗരങ്ങളില്‍ കര്‍ശന നിയന്ത്രണം തുടരും. രണ്ടാം സാമ്ബത്തിക ഉത്തേജന പാക്കേജ്, അന്യസംസ്ഥാന തൊഴിലാളികളുടെയും പ്രവാസികളുടെയും മടക്കം എന്നിവയുടെ കാര്യത്തിലും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചകള്‍ നടക്കും.