ദില്ലി: കൊറോണയ്‌ക്കെതിരെ മരുന്ന് ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ഒരുക്കം നടക്കുന്നു. ഓക്‌സ്‌ഫോര്‍ഡ് വികസിപ്പിച്ചെടുക്കുന്ന വാക്‌സിനാണ് ഇന്ത്യയില്‍ നിര്‍മാണത്തിന് തയ്യാറെടുക്കുന്നത്. ഇന്ത്യയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇക്കാര്യം സ്ഥിരീകരിച്ചു. അടുത്ത മൂന്നാഴ്ച്ചയ്ക്കുള്ളില്‍ വാക്‌സിന്‍ നിര്‍മാണം തുടങ്ങുമെന്ന് സെറം പറയുന്നു. അടുത്ത ആറ് മാസത്തിനുള്ളില്‍ ഇത് വിപണിയില്‍ എത്തുമെന്ന് ഇവര്‍ പറയുന്നു. അതായത് സെറം ഈ വാക്‌സിന്‍ ഒക്ടോബറോടെ പ്രതിരോധത്തിനായി എല്ലാ ആശുപത്രികളിലും എത്തിക്കുമെന്നാണ് ഉറപ്പ് നല്‍കുന്നത്. ഇന്ത്യക്ക് വളരെയേറെ പ്രതീക്ഷ നല്‍കുന്ന കാര്യമാണിത്. കഴിഞ്ഞ ദിവസം റെംഡിസിവിര്‍ മനുഷ്യനില്‍ പരീക്ഷിച്ച്‌ പരാജയപ്പെട്ടിരുന്നു.

ഓക്‌സ്‌ഫോര്‍ഡിന്റെ വാക്‌സിന്‍ മനുഷ്യരില്‍ വിജയകരമായി പരീക്ഷിച്ചാല്‍ അടുത്ത നിമിഷം നിര്‍മാണം വര്‍ധിപ്പിക്കാനാണ് സെറം കരുതുന്നത്. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്ബനിയാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഇവര്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുമായി കൈകോര്‍ത്തിരിക്കുകയാണ്. വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നതില്‍ ഓക്‌സ്‌ഫോര്‍ഡുമായി പങ്കാളിത്തമുള്ള ഏഴ് കമ്ബനികളില്‍ ഒന്നാണ് സെറം. ഓക്‌സ്‌ഫോര്‍ഡില്‍ ഡോ ഹില്ലിന്റെ നേതൃത്വത്തിലാണ് വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നത്. സെറത്തിന്റെ ടീം ഹില്ലിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന തിരക്കിലാണ്. മൂന്നാഴ്ച്ചയ്ക്കുള്ളില്‍ തന്നെ നിര്‍മാണം തുടങ്ങും. ഇത് മനുഷ്യരില്‍ വിജയിക്കുമെന്ന് ഉറപ്പുള്ളതിനാല്‍ അതിന് മുമ്ബേ തന്നെ നിര്‍മാണം തുടങ്ങാനാണ് പ്ലാന്‍.

ഓരോ മാസവും അഞ്ച് മില്യണ്‍ ഡോസ് വാക്‌സിനുകളാണ് സെറം നിര്‍മിക്കുക. ഇങ്ങനെ ആറ് മാസത്തേക്കുള്ള ഡോസുകള്‍ നിര്‍മിക്കും. ഇതിന് ശേഷം ഒരു മാസം പത്ത് മില്യണ്‍ ഡോസായി നിര്‍മാണം ഉയര്‍ത്തും. ഇന്ത്യയില്‍ രോഗം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ നിര്‍മാണം വലിയ പ്രതീക്ഷയാണ്. പ്രമുഖ ഇന്ത്യന്‍ മരുന്ന് കമ്ബനികളും വാക്‌സിന്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ്. വിവിധ ഏഷ്യന്‍ രാജ്യങ്ങളും ഇന്ത്യയിലെ വാക്‌സിന്‍ ഉല്‍പ്പാദനത്തെ പ്രതീക്ഷയോടെ കാണുന്നുണ്ട്. ഇവര്‍ക്ക് സ്വന്തമായി നിര്‍മിക്കാനുള്ള അടിസ്ഥാന സൗകര്യമില്ലാത്തത് കൊണ്ട് ഇന്ത്യയെ ആശ്രയിക്കും. നേരത്തെ സെറം മലേറിയ വാക്‌സിന്‍ നിര്‍മാണത്തിനായി ഓക്‌സ്‌ഫോര്‍ഡുമായി കൈകോര്‍ത്തിട്ടുണ്ട്.

ഓക്‌സ്‌ഫോര്‍ഡില്‍ മരുന്ന് വികസിപ്പിക്കുന്നത് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരാണെന്ന് സെറം പറയുന്നു. സെപ്റ്റംബറോടെ തന്നെ ഈ വാക്‌സിന്‍ വിപണിയിലെത്താനുള്ള സാധ്യതയുണ്ട്. ഉടന്‍ തന്നെ ഇതിന്റെ പരീക്ഷണ ഫലം അറിയാം. അതിന് പിന്നാലെ ഇന്ത്യയിലെ നിര്‍മാണം തുടങ്ങും. അതേസമയം മെഡിക്കല്‍ കൗണ്‍സിലിന്റെ അടക്കം അനുവാദം ഇക്കാര്യത്തില്‍ വേണ്ടി വരും. അതിനായുള്ള ശ്രമത്തിലാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. പൂനെയിലെ കേന്ദ്രത്തില്‍ വെച്ചാണ് നിര്‍മാണം നടക്കുക. അതേസമയം ഒരു വാക്‌സിനും പേറ്റന്റ് ഉണ്ടാവില്ലെന്നും, കൊറോണ ഗുരുതര രോഗമായത് കൊണ്ട് ഈ വാക്‌സിന്‍ ആര്‍ക്കും വേണമെങ്കിലും വികസിപ്പിക്കാമെന്നും സെറം പറഞ്ഞു.