തിരുവനന്തപുരം: ജില്ലാ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. ചെറിയ വഴികളിലും വനപാതകളിലും ഉള്‍പ്പെടെ പരിശോധന വേണമെന്ന് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. ദിവസേന 3000 ടെസ്റ്റുകള്‍ നടത്താനാണ് തീരുമാനം. നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് പ്രത്യേക ശുചിമുറികള്‍ അടക്കമുള്ള ക്വാറന്റൈന്‍ സൗകര്യം നല്‍കാനും മുഖ്യമന്ത്രി ജില്ലാ കലക്ടര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറണ്‍സില്‍ നിര്‍ദ്ദേശം നല്‍കി.

ഹോട്ട് സ്‌പോട്ടുകളില്‍ ആരും പട്ടിണി കിടക്കാന്‍ ഇടവരരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. എല്ലാ വീടുകളിലും ഭക്ഷണം എത്തിക്കാന്‍ ജില്ലാ ഭരണകൂടങ്ങ്ള്‍ മുന്‍കൈ എടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.