തിരുവനന്തപുരം::കൊവിഡ് കാലത്ത് പൊലീസുകാര്‍ പുറത്തിറക്കുന്ന വീഡിയോകള്‍ക്ക് കടിഞ്ഞാണിട്ട് ഡിജിപി ലോക്നാഥ് ബെഹ്റ. ഡിജിപിയുടെയോ പൊലീസ് ആസ്ഥാനത്തിന്‍റെ ചുമതലയുള്ള എഡിജിപിയുടെയോ അനുമതിയില്ലാതെ ഇനി മേലാല്‍ വീഡിയോകള്‍ നിര്‍മിച്ച്‌ പുറത്തിറക്കരുത്. സ്വന്തം നിലയില്‍ കൊവിഡ് കാലത്ത് കേരളാ പൊലീസ് ഔദ്യോഗികമായിത്തന്നെ ഇതുവരെ ഏതാണ്ട് 300 വീഡിയോകള്‍ നിര്‍മിച്ച്‌ പുറത്തിറക്കിയിട്ടുണ്ട്. ഇത് മതിയെന്നും, പൊലീസുദ്യോഗസ്ഥര്‍ സ്വന്തം നിലയ്ക്ക് വേറെ വീഡിയോ നിര്‍മിക്കേണ്ടെന്നും ഡിജിപി.

പൊലീസുകാര്‍ വീഡിയോ നിര്‍മാണത്തിനായി താരങ്ങളെ സമീപിക്കുകയോ അവരെ ടാഗ് ചെയ്ത് സാമൂഹ്യമാധ്യമങ്ങളില്‍ ഇടുകയോ ചെയ്യരുത്. പൊലീസിന്‍റെ കലാപ്രകടനങ്ങളെക്കുറിച്ചുള്ള വീഡിയോ ഇനി വേണ്ടെന്നും ഡിജിപി പൊലീസുദ്യോഗസ്ഥര്‍ക്കായി ഇറക്കിയ ആഭ്യന്തര ഉത്തരവില്‍ വ്യക്തമാക്കുന്നു. എന്നാല്‍ വകുപ്പ് മേധാവികളുടെ അനുമതിയോടെ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് എതിരായ വീഡിയോ നിര്‍മിക്കാമെന്നും ഉത്തരവിലുണ്ട്.

ഉത്തരവിലെ പ്രധാനനിര്‍ദേശങ്ങളിങ്ങനെ:

  • പ്രത്യേകമായി ഷൂട്ടിംഗിന് ക്രമീകരണങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ അതിന് പ്രത്യേകം പൊലീസ് ആസ്ഥാനത്തെ എഡിജിപിയുടെ അനുമതി വാങ്ങേണ്ടതാണ്.
  • പൊലീസുദ്യോഗസ്ഥരെക്കുറിച്ച്‌ ജനങ്ങള്‍ പകര്‍ത്തിയതോ, വാര്‍ത്താചാനലുകള്‍ പുറത്തുവിട്ടതോ ആയ വീഡിയോകള്‍ എഡിറ്റ് ചെയ്ത്, കടപ്പാട് നല്‍കി പോസ്റ്റ് ചെയ്യാവുന്നതാണ്.
  • താരങ്ങളെയോ, പ്രശസ്തവ്യക്തികളെയോ ഇതില്‍ അഭിനയിക്കാനായി വിളിക്കുന്നത് അവസാനിപ്പിക്കണം.
  • പൊലീസുദ്യോഗസ്ഥര്‍ പാട്ട് പാടുന്നതും മറ്റുമായിട്ടുള്ള കലാപ്രകടനങ്ങളുടെ വീഡിയോ ഇനി പോസ്റ്റ് ചെയ്യേണ്ടതില്ല.
  • സൈബര്‍ ക്രൈം, ഫൊറന്‍സിക്സ്, കമ്മ്യൂണിറ്റി പൊലീസിംഗ് പോലുള്ളവയെക്കുറിച്ചുള്ള വീഡിയോകള്‍ നിര്‍മിക്കാന്‍ അതാത് യൂണിറ്റ് മേധാവിമാരുടെ അനുമതി വേണം.
  • സര്‍ക്കാരിനെ ഏതെങ്കിലും തരത്തില്‍ വിമര്‍ശിക്കുകയോ, ഇകഴ്ത്തിക്കാട്ടുകയോ ചെയ്യുന്ന ഒരു വീഡിയോകളും പുറത്തിറക്കാന്‍ പാടില്ല.

നിലവില്‍ പൊലീസ് ആസ്ഥാന എഡിജിപിയുടെ അനുമതിയോടെ നിര്‍മിച്ച വീഡിയോകള്‍ മാത്രമാണ് കേരളാ പൊലീസ് എന്ന ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിക്കുന്നത്. അവയെല്ലാം വൈറലുമാണ്. എന്നാല്‍ ഇതിന് പിന്നാലെ വിവിധ പൊലീസ് സ്റ്റേഷനുകളുടെ പേരിലുള്ള പേജുകളിലും ഉദ്യോഗസ്ഥര്‍ സ്വന്തം പേജുകളിലും ഇത്തരം വീഡിയോകള്‍ ചെയ്ത് പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കൊവിഡ് കാലത്ത് വീട്ടിലിരിക്കുന്നവര്‍ക്ക് ഒരു ‘എന്‍റര്‍ടെയ്ന്‍മെന്‍റ്’ എന്ന നിലയ്ക്ക് നിരവധി പൊലീസുദ്യോഗസ്ഥര്‍ പാട്ട് പാടുന്ന വീഡിയോകളും പ്രചരിച്ചിരുന്നു. ഇനി അത്തരം വീഡിയോകള്‍ ഇടണമെങ്കില്‍ കൃത്യമായി അനുമതി വാങ്ങണം.

‘ബ്രേക്ക് ദ ചെയ്ന്‍’ ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായി ‘അയ്യപ്പനും കോശിയും’ എന്ന സിനിമയിലെ ‘കലക്കാത്ത’ എന്ന പാട്ടിനൊപ്പം ചില പൊലീസുദ്യോഗസ്ഥര്‍ ചേര്‍ന്ന് ചുവടുവച്ച്‌, കൈ കഴുകേണ്ടതെങ്ങനെ എന്ന് കാണിച്ച വീഡിയോ വൈറലായിരുന്നു. ഇത് പ്രസിദ്ധീകരിച്ചത് കേരളാ പൊലീസിന്‍റെ ഔദ്യോഗിക പേജിലാണ്. കേരളാ പൊലീസിന്‍റെ പേജില്‍ പ്രസിദ്ധീകരിച്ച മറ്റ് കൊവിഡ് ബോധവല്‍ക്കരണവീഡിയോകളും വന്‍ പ്രചാരം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് പല ഉദ്യോഗസ്ഥരും സ്വന്തം നിലയ്ക്ക് വീഡിയോകള്‍ ചെയ്ത് സ്വന്തം പേജിലിടാന്‍ തുടങ്ങിയത്.