കല്‍പ്പറ്റ : വയനാട്ടില്‍ കൊവിഡ് റാന്‍ഡം ടെസ്റ്റ് നടത്തുന്നു. ഹോട്ട്‌സ്‌ പോട്ട് പട്ടികയില്‍ ഉള്‍പ്പെട്ട മൂപ്പയിനാടാണ് റാന്‍ഡം ടെസ്റ്റ് നടത്തുന്നത്. ഇതുവഴി 150 പേരുടെ സ്രവം പരിശോധനയ്ക്ക് അയക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു . കൊവിഡ് വ്യാപന സാധ്യത അറിയുന്നതിന്റെ ഭാഗമായിട്ടാണ് റാന്‍ഡം ടെസ്റ്റ് നടത്തുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരംഭിച്ച പരിശോധന ഇപ്പോഴും പുരോഗമിക്കുകയാണ്.

പതിനഞ്ച് വിഭാഗങ്ങളിലായി 150 പേരുടെ സ്രവമാണ് ശേഖരിക്കുന്നത് . ഇതില്‍ ആരോഗ്യ പ്രവര്‍ത്തകരും പൊലീസുകാരും പഞ്ചായത്ത് അധികൃതരും നാട്ടുകാരും ഉള്‍പ്പെടും . വിദേശത്ത് നിന്നെത്തിയ ആള്‍ക്കാണ് മൂപ്പയിനാട് കൊവിഡ് 19 സ്ഥിരീകരിച്ചത്. രോഗം ഭേദമായി ഇദ്ദേഹം ഇന്നലെ ആശുപത്രി വിട്ടിരുന്നു. എന്നാല്‍ പ്രദേശത്ത് കൊവിഡ് വ്യാപന സാധ്യത ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. കൊവിഡ് കൂടുതല്‍ പേരിലേക്ക് വ്യാപിച്ചിട്ടില്ലെങ്കില്‍ മൂപ്പയിനാടിനെ ഹോട്ട്‌സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കാനും ആരോഗ്യവകുപ്പ് ഉദ്ദേശിക്കുന്നുണ്ട്.