ഡിട്രോയിറ്റ് : മിഷിഗൺ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം മുപ്പത്തയ്യായിരത്തോളം എത്തുകയും മൂവായിരത്തോളം ആളുകൾ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ സ്റ്റെ അറ്റ് ഹോം മേയ് 15 വരെ നീട്ടിയതായി ഗവർണർ വിറ്റ്മർ അറിയിച്ചു. ചില ബിസിനസ്സ് സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കും.

ഒരു തരത്തിലുമുള്ള ഒത്തു ചേരലുകളോ സമ്മേളനങ്ങളോ അനുവദിക്കുന്നില്ല. സംസ്ഥാനത്തുള്ളവർ വീടുകൾക്ക് പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്കുകൾ ധരിച്ചിരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും ചെയ്യണം. വീടിന് പുറത്തിറങ്ങി വ്യായാമം ചെയ്യുന്നതിനും, സൈക്കിൾ സവാരി, ഗോൾഫിങ്ങ്, ബോട്ടിങ്ങ് തുടങ്ങിയവ ചെയ്യുന്നതിനും അനുവദിച്ചിട്ടുണ്ട്.

സംസ്കാരചടങ്ങുകളിൽ പത്ത് പേരിലധികം പങ്കെടുക്കാൻ പാടില്ല എന്നാൽ ആരാധനാലയങ്ങൾക്ക് മുൻ ഉത്തരവ് പ്രകാരം 50 പേരെ വരെ അനുവദിച്ചിട്ടുണ്ട്. കോവിഡ് പടരുന്നത് തടയാൻ കൂടുതൽ ശക്തമായ നടപടികളുമായി മുൻപോട്ട് പോകേണ്ടതായിട്ടുണ്ട് എന്നു ഗവർണർ അറിയിച്ചു. ജനങ്ങളുടെ സംരക്ഷണവും ജീവനുമാണു പ്രധാനമെന്നു ഗവർണർ വിറ്റ്മർ പ്രസ്താവിച്ചു.

റിപ്പോർട്ട്: അലൻ ജോൺ