ജെറുസലേം: ലോകത്തെ ഭീതിയുടെ മുള്‍മുനയിലാക്കിക്കൊണ്ട് പടര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണ പകര്‍ച്ചവ്യാധിയുടെ അന്ത്യത്തിനായി വിവിധ മതനേതാക്കളുടെ പ്രാര്‍ത്ഥനാ കൂട്ടായ്മ ജെറുസലേമില്‍ നടന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച ഉച്ചകഴിഞ്ഞ് ജെറുസലേമിലെ കിംഗ് ഡേവിഡ് ഹോട്ടലിന്റെ ടെറസില്‍ നടത്തിയ സര്‍വ്വമത പ്രാര്‍ത്ഥനാ സംഗമത്തില്‍ പാത്രിയാര്‍ക്കീസുമാര്‍, മെത്രാപ്പോലീത്തമാര്‍, മുഖ്യ റബ്ബിമാര്‍, ഇമാമുകള്‍, ഷെയ്ഖുമാര്‍ തുടങ്ങി വിവിധ മതങ്ങളില്‍ നിന്നുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുത്തു. പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത മതനേതാക്കള്‍ സംയുക്തമായി ദൈവ കാരുണ്യം തേടിക്കൊണ്ട് ഒരേ പ്രാര്‍ത്ഥന തങ്ങളുടെ സ്വന്തം ഭാഷകളില്‍ വായിച്ചു. ക്ഷാമ കാലങ്ങളില്‍ തങ്ങളെ പരിപോഷിപ്പിക്കുകയും കൃപകള്‍ ധാരാളമായി നല്‍കുകയും, കഠിനമായ മഹാമാരികളില്‍ നിന്നും തങ്ങളെ രക്ഷിക്കുകയും ചെയ്തിട്ടുള്ള ദൈവത്തോട് കൊറോണക്കെതിരായ പോരാട്ടത്തില്‍ തങ്ങളെ സഹായിക്കണമെന്നതായിരുന്നു പ്രാര്‍ത്ഥനയുടെ ചുരുക്കം.

ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കേറ്റിന്റെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായ ആര്‍ച്ച് ബിഷപ്പ് പിയര്‍ ബാറ്റിസ്റ്റാ പിസബെല്ലാ, ജെറുസലേമിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസ് തിയോഫിലോസ് III, തെക്കന്‍ ഇസ്രായേലിലെ ഇമാം സംഘടനയുടെ തലവനായ ഇമാം ഷെയ്ഖ് ജമാല്‍ എല്‍ ഉബ്രാ, ഇമാം ഷെയ്ഖ് അഗേല്‍ അല്‍-അട്രാഷ്, സെഫാര്‍ഡിയിലെ മുഖ്യ റബ്ബി യിറ്റ്ഴാക്ക് യോസെഫ്, അഷ്കെനസിയിലെ മുഖ്യ റബ്ബി ഡേവിഡ് ലാവു, ദ്രൂസ് ആത്മീയ നേതാവ് ഷെയ്ഖ് മൊവാഫാഖ് താരിഫ് തുടങ്ങിയ പ്രമുഖരാണ് പ്രാര്‍ത്ഥനയില്‍ പങ്കെടുത്തത്. വിദേശികള്‍ക്കെതിരായ വിദ്വേഷത്തിനും, വംശീയതക്കുമെതിരെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത മതനേതാക്കള്‍ സംസാരിച്ചു. എല്ലാവര്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥനാ മന്ദിരമാണ് ജെറുസലേമെന്ന് ബൈബിളിനെ ചൂണ്ടിക്കാട്ടി റബ്ബി ഡേവിഡ് ലാവുവും, പിസബെല്ല മെത്രാപ്പോലീത്തയും പ്രസ്താവിച്ചു.