ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന് ശമനമില്ലാത്ത പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും മുംബൈയിലും ലോക്ഡൗണ്‍ രണ്ടാം മെയ് 15 വരെ നീട്ടുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇരു ഹോട്ട്സ്പോട്ടുകളിലും രോഗബാധ വര്‍ധിച്ചുവരികയാണ്.

2625 പേര്‍ക്കാണ് രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ കോവിഡ് ബാധിച്ചത്. 54 പേര്‍ മരിക്കുകയും ചെയ്തു. നിലവില്‍ 1702 പേരാണ് ചികിത്സയില്‍ തുടരുന്നത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ 811 പേര്‍ക്കാണ് ശനിയാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചത്. ആകെ 7682 പേര്‍ക്ക് സംസ്ഥാനത്ത് കോവിഡ് ബാധിച്ചു. ഇതില്‍ 5049 കേസും മുംബൈയിലാണ്. 1030 എണ്ണം പുനെ മേഖലയിലുമാണ്.

നിലവില്‍ മെയ് മൂന്ന് വരെയാണ് രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച്‌ 24 മുതല്‍ ഏപ്രില്‍ 14 വരെയായിരുന്നു ഒന്നാം ഘട്ട ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. പിന്നീട് ഇത് രണ്ടാം ഘട്ടത്തില്‍ മെയ് മൂന്ന് വരെ നീട്ടി.