ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 25,000 ലേക്ക് അടുക്കുന്നു. രാജ്യത്തെ കേസുകളുടെ എണ്ണം 24,942 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,490 പുതിയ കേസുകളും 56 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്തൊട്ടാകെയുള്ള മരണസംഖ്യ 779 ആയി.

രാജ്യത്ത് 18,953 സജീവ കേസുകളാണുള്ളത്. 5,209 രോഗികള്‍ അസുഖം ഭേദമായി ആശുപത്രി വിട്ടു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് മാത്രം 6,817 കൊറോണ കേസുകളുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

കൊറോണ ബാധിച്ച്‌ സംസ്ഥാനത്ത് ഇതുവരെ 301 പേരാണ് മരണത്തിന് കീഴടങ്ങിയത്. 957 പേര്‍ക്ക് രോഗം ഭേദമായി ആശുപത്രി വിട്ടു. രോഗികളുടെ എണ്ണത്തില്‍ ഗുജറാത്താണ് രണ്ടാം സ്ഥാനത്ത്. 2,815 കൊറോണ വൈറസ് കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയില്‍ 2,514 കൊറോണ വൈറസ് കേസുകളുമാണ് ഉള്ളത്.

ഇതുവരെ 5.8 ലക്ഷം കൊറോണ ടെസ്റ്റുകള്‍ നടന്നു. അതേസമയം, രാജ്യത്ത് പ്രതിദിന വളര്‍ച്ചാ നിരക്ക് ആറ് ശതമാനമായി കുറഞ്ഞതായും ചില സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ വരുത്തിയതായും സര്‍ക്കാര്‍ പറഞ്ഞു. എങ്കിലും കൊറോണയ്‌ക്കെതിരെ കടുത്ത ജാഗ്രതയിലാണ് രാജ്യം.