മുംബൈ; രാജ്യത്തെ ഏറ്റവും വലിയ ഹോട്ട്സ്പോട്ടുകളായ മുംബൈയിലും പൂനെയിലും മെയ് 3 ന് ശേഷവും ലോക്ക്ഡൗണ്‍ തുടര്‍ന്നേക്കും. പ്രദേശത്തെ സ്ഥിതി ​ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് മഹാരാഷ്ട്രാ ആരോഗ്യമന്ത്രി രാജേഷ് ടോപെ ലോക്ക്ഡൗണ്‍ തുടരേണ്ടി വരുമെന്ന സൂചന നല്‍കിയത്. കൊറോണ വ്യാപനം തടയാന്‍ ഈ കാലയളവില്‍ സാധിക്കാതിരുന്നാല്‍ ലോക്ക്ഡൗണ്‍ നീട്ടേണ്ടിവരുമെന്നാണ് അദ്ദേഹം പറഞ്ഞത്.

ലോക്ക്ഡൗണിന്റെ ലക്ഷ്യം കൊറോണ വൈറസ് വ്യാപനം തടയുക എന്നതാണ്. അത് സാധ്യമായില്ലെങ്കില്‍ 15 ദിവസത്തേക്കുകൂടി ലോക്ക്ഡൗണ്‍ നീട്ടും. തീവ്ര രോഗബാധിത പ്രദേശങ്ങളിലോ മുംബൈ, പുണെ നഗരങ്ങളില്‍ മുഴുവനുമോ ലോക്ക്ഡൗണ്‍ നീട്ടേണ്ടി വന്നേക്കാമെന്ന് ടോപെ പറഞ്ഞു. ഇരു ന​ഗരങ്ങളിലും കൊറോണ ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്.

മഹാരാഷ്ട്രയില്‍ ഇപ്പോള്‍ 7000 ത്തോളം വൈറസ് ബാധിതരുണ്ട്. ഇവരില്‍ 4447 പേര്‍ മുംബൈയിലുള്ളവരും 961 പേര്‍ പുണെയില്‍ ഉള്ളവരുമാണ്. മുംബൈയിലെ ചേരികള്‍ രോ​ഗം പടര്‍ന്നുപിടിക്കുന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. തെലങ്കാന മാത്രമാണ് നിലവില്‍ ലോക്ക് ഡൗണ്‍ മെയ് മൂന്നിനു ശേഷവും തുടരാന്‍ തീരുമാനിച്ചിട്ടുള്ളത്. മെയ് ഏഴുവരെ ലോക്ക് ഡൗണ്‍ നീട്ടുമെന്ന് തെലങ്കാന സര്‍ക്കാര്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.