- ഡോ. ജോര്‍ജ് എം. കാക്കനാട്ട്
ഹ്യൂസ്റ്റണ്‍: മരണനിരക്കില്‍ പുതിയ റെക്കോഡ് സൃഷ്ടിച്ചു കൊണ്ട് അമേരിക്കയില്‍ കോവിഡ് ആഞ്ഞടിക്കുന്നു. 52217 പേര് ഇതുവരെ മരിച്ചു കഴിഞ്ഞു. 925758 രോഗികളാണ് ചികിത്സയിലുള്ളത്. ഇതില്‍ തന്നെ വിവിധ സംസ്ഥാനങ്ങളില്‍ നിരവധി പേര് പരിശോധന കാത്തിരിക്കുന്നുണ്ട്. മരണമടഞ്ഞവരില്‍ പലരും കോവിഡ് ബാധിച്ചവരാണോയെന്നതിനും സ്ഥിരീകരണമുണ്ടായിട്ടില്ല. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കനുസരിച്ച് ഈ വൈറസ് മൂലം ലോകത്താകമാനം 197,000 പേരെങ്കിലും മരിച്ചു.
യുഎസില്‍, കൂടുതല്‍ കേസുകള്‍ കണ്ടെത്തുന്നതിന് ചില സംസ്ഥാനങ്ങളുടെ പുതിയ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇത് രാജ്യത്തെ പകര്‍ച്ചവ്യാധിയുടെ വ്യാപ്തിയെക്കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് മികച്ച ധാരണ നല്‍കും. ന്യൂയോര്‍ക്ക്, ന്യൂജേഴ്സി സംസ്ഥാനങ്ങളില്‍ മരണം കൂടുതല്‍ ഉയരത്തിലെത്തിക്കഴിഞ്ഞു. ന്യൂയോര്‍ക്ക് സിറ്റിയില്‍ മാത്രം പതിനയ്യായിരം പേരും ന്യൂജേഴ്സിയില്‍ അയ്യായിരം പേരും മരിച്ചു.
അതേസമയം, യുഎസ് 5.1 ദശലക്ഷം കോവിഡ് ടെസ്റ്റുകള്‍ നടത്തിയെങ്കിലും കൊറോണയുടെ യഥാര്‍ത്ഥ ചിത്രം ലഭിക്കാന്‍ ഇതു പര്യാപ്തമല്ലെന്ന് രാജ്യത്തെ പ്രമുഖ എപ്പിഡെമിയോളജിസ്റ്റ് ഡോ. ആന്റണി ഫൗസി പറഞ്ഞു. ഈ ആഴ്ച മുതല്‍ രാജ്യത്തെ കോവിഡ് പരിശോധന കൂടുതല്‍ വേഗത്തിലാക്കേണ്ടതുണ്ട്. ന്യൂയോര്‍ക്ക്, ന്യൂജേഴ്സി കൗണ്ടികളില്‍ കൂടുതല്‍ ടെസ്റ്റിങ് സെന്ററുകള്‍ തുറന്നിട്ടുണ്ട്. പൊതുജനാരോഗ്യ വിദഗ്ധരില്‍ നിന്നും സാമ്പത്തിക വിദഗ്ധരില്‍ നിന്നുമുള്ള രണ്ട് പുതിയ റിപ്പോര്‍ട്ടുകള്‍ എടുത്തുകാണിക്കുന്നത് സംസ്ഥാനങ്ങള്‍ സുരക്ഷിതമായി വീണ്ടും തുറക്കുന്നതിന്, രാജ്യം ആഴ്ചയില്‍ ദശലക്ഷക്കണക്കിന് പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്നാണ്. എന്നാല്‍ ഇത് എത്രമാത്രം പ്രായോഗികമാണെന്നു മാത്രം വ്യക്തമല്ല. വൈറസ് നിയന്ത്രണത്തിലാക്കാന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ മത്സരിക്കുമ്പോള്‍, സംസ്ഥാന ഗവര്‍ണര്‍മാര്‍ സമ്പദ്വ്യവസ്ഥ വീണ്ടും തുറക്കാന്‍ ആരംഭിക്കുന്ന തീയതി നിശ്ചയിക്കുന്ന തിരക്കിലാണ്. ലോക്ക്ഡൗണ്‍ ഇളവുകള്‍ അനുവദിക്കുകയും വിപണി സജീവമാക്കുകയും ചെയ്യണമെന്ന പക്ഷക്കാരനാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
ബാര്‍ബര്‍ ഷോപ്പുകള്‍, ഹെയര്‍ സലൂണുകള്‍, ടാറ്റൂ പാര്‍ലറുകള്‍, ജിമ്മുകള്‍ എന്നിവയുള്‍പ്പെടെ ജോര്‍ജിയ ഗവര്‍ണര്‍ ബ്രയാന്‍ കെമ്പ് വെള്ളിയാഴ്ച ചില ബിസിനസുകള്‍ തുറക്കാന്‍ അനുവദിച്ചു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കനുസരിച്ച് സംസ്ഥാനത്ത് 22,491 ലധികം അണുബാധകളും 899 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. സ്റ്റേ അറ്റ് ഹോം ആവശ്യപ്പെടുന്ന അവസാന സംസ്ഥാനങ്ങളിലൊന്നാണ് ജോര്‍ജിയ, ആ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ ആരംഭിച്ച ആദ്യ സംസ്ഥാനങ്ങളില്‍ ഒന്നും അവര്‍ തന്നെ. ഇതു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും വൈറസ് വ്യാപനം ഭീകരമായിരിക്കുമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നുണ്ടെങ്കിലും ഗവര്‍ണര്‍ കെമ്പ് അതു കേട്ടമട്ടില്ല.
വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്സ് ആന്‍ഡ് ഇവാലുവേഷനിലെ വിദഗ്ധരുടെ അഭിപ്രായത്തില്‍, കുറഞ്ഞത് ജൂണ്‍ 22 വരെ സംസ്ഥാനം വീണ്ടും തുറക്കരുത് എന്നാണ്. എന്നാല്‍ വെള്ളിയാഴ്ച, ജോര്‍ജിയയിലെ ബിസിനസ്സ് പഴയതു പോലെ പ്രവര്‍ത്തിച്ചു. സംസ്ഥാനത്തുടനീളമുള്ള വ്യാപാര ഉടമകളും ഉപഭോക്താക്കളും മടങ്ങിയെത്തുമ്പോള്‍ മാസ്കുകളും ഗ്ളൗസുകളും ധരിച്ചിരുന്നു. ഗവര്‍ണറുടെ സ്റ്റേ-ഹോം ഓര്‍ഡര്‍ പ്രകാരം രണ്ടാഴ്ച മുമ്പ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ട സ്റ്റോറുകള്‍ തുറന്നു. വിനോദകേന്ദ്രങ്ങളും തിയേറ്ററുകളും ഡൈന്‍-ഇന്‍ റെസ്റ്റോറന്റുകളും തിങ്കളാഴ്ച വീണ്ടും തുറക്കാന്‍ അനുവദിക്കും. ജോര്‍ജിയയിലെ ചില ബിസിനസ്സ് ഉടമകള്‍ പറഞ്ഞത്, വീണ്ടും തുറക്കുകയല്ലാതെ തങ്ങള്‍ക്ക് മറ്റ് മാര്‍ഗമില്ലെന്നാണ്.
രാജ്യത്തെ മറ്റ് ഗവര്‍ണര്‍മാര്‍ ഇളവുകളും സ്റ്റേ ഹോം പദ്ധതികളും വീണ്ടും പരിഷ്ക്കരിക്കാന്‍ ഉദ്ദേശിക്കുന്നു.
കോവിഡിനെ തുറന്ന് അടച്ചിട്ടിരിക്കുന്ന സംസ്ഥാനങ്ങളില്‍ പലേടത്തും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. ഇത് എപ്പോള്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് ഇപ്പോള്‍ പറയാറായിട്ടില്ലെങ്കിലും വൈകാതെ തന്നെ മിക്ക സംസ്ഥാനങ്ങളും തുറന്നേക്കുമെന്നാണ് സൂചന.
അയോവയില്‍ തിങ്കളാഴ്ച മുതല്‍ വീണ്ടും കാര്‍ഷിക വിപണി അടക്കമുള്ള സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുറക്കാന്‍ തുടങ്ങും, അതേ ദിവസം തന്നെ ടെന്നസി റെസ്റ്റോറന്റുകള്‍ക്ക് 50% ശേഷിയില്‍ വീണ്ടും തുറക്കും. ഇതേ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം റീട്ടെയില്‍ സ്റ്റോറുകള്‍ ബുധനാഴ്ച വീണ്ടും തുറക്കാമെന്ന് ടെന്നസി ഗവര്‍ണര്‍ ബില്‍ ലീ പറഞ്ഞു. മാര്‍ച്ച് പകുതിയോടെ രാജ്യത്തെ ആദ്യത്തെ സ്റ്റേ-ഹോം ഓര്‍ഡര്‍ പുറപ്പെടുവിച്ച സാന്‍ ഫ്രാന്‍സിസ്കോയില്‍, മേയര്‍ ലണ്ടന്‍ ബ്രീഡ് പറഞ്ഞു, ഈ ഉത്തരവ് മെയ് 3 ന് ശേഷം ഏതാനും ആഴ്ചകള്‍ കൂടി നീട്ടാന്‍ സാധ്യതയുണ്ട്.