ഗള്‍ഫില്‍ കോവിഡ് മരണം ഉയരുന്നു.രോഗബാധിതരുടെ എണ്ണം 39,000 കവിഞ്ഞു. ഗള്‍ഫില്‍ കോവിഡ് മരണ സംഖ്യ 234 ആയി. ഇന്നലെ മാത്രം വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി 16 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. മലയാളി ഉള്‍പ്പെടെ എട്ട് പേരാണ് ഇന്നലെ യു.എ.ഇയില്‍ മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മരണസംഖ്യ 64 ആയി. ആറു പേര്‍ കൂടി മരിച്ച സൗദിയില്‍ മരണം 127ല്‍ എത്തി. കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളിലും ഓരോ രോഗികള്‍ മരിച്ചു.

സൗദിയില്‍ മാത്രം രോഗികളുടെ എണ്ണം പതിനയ്യായിരം പിന്നിട്ടു. ഖത്തര്‍, യു.എ.ഇ ഉള്‍പ്പെടെ മറ്റിടങ്ങളിലും രോഗികളുടെ എണ്ണം ഉയര്‍ന്നു. ബഹ്റൈനിലും രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. അതേസമയം, രോഗം ഭേദമാകുന്നവരുടെ എണ്ണവും ഉയര്‍ന്നു. 6500ലേറെ പേര്‍ക്കാണ് പൂര്‍ണ രോഗവിമുക്തി. ഒമാനിലും കുവൈത്തിലും മറ്റും കര്‍ശന നിയന്ത്രണം തുടരും. റമദാനിലെ ഒത്തുചേരലുകള്‍ക്കും വിലക്കുണ്ട്. ദുബായിലെ നിയന്ത്രണങ്ങളില്‍ ഭാഗിക ഇളവുണ്ട്. നാളെ മുതല്‍ കര്‍ശന നിയന്ത്രണങ്ങളോടെ പൊതുഗതാഗതം പുനരാരംഭിക്കും.