കൊല്ലം: ജില്ലയില്‍ ഇന്ന് 2 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. തെങ്കാശിക്കടുത്തു പുളിയങ്കുടിയില്‍ പോയി മടങ്ങിയ കുളത്തൂപ്പുഴ സ്വദേശിയായ യുവാവിന്റെ അടുത്ത സുഹൃത്തായ 51 വയസ്സുകാരന്, ഷാര്‍ജയില്‍ നിന്നു മടങ്ങിയെത്തിയ ശാസ്താംകോട്ട സ്വദേശികളായ ദമ്ബതികളുടെ 7 വയസ്സുകാരി മകള്‍ എന്നിവര്‍ക്കാണ് ഇന്നു രോഗം സ്ഥിരീകരിച്ചത്.ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 13 ആയി. ഇതില്‍ 5 പേര് രോഗവിമുക്തരാകുകയും ചെയ്തു. .
രോഗം സ്ഥിരീകരിച്ച ഇരുവരേയും പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. രോഗം സ്ഥിരീകരിച്ച 51 വയസ്സുകാരന് നാട്ടില്‍ ആരൊക്കെയായി സമ്ബര്‍ക്കം പുലര്‍ത്തിയെന്ന് അധികൃതര്‍ അന്വേഷിച്ച് വരികയാണ്. കുളത്തൂപ്പുഴയില്‍ മാത്രം ഇതുവരെ 3 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഒരു മാസം മുന്‍പ് ഷാര്‍ജയില്‍ നിന്നു മടങ്ങിയെത്തിയതാണു ശാസ്താംകോട്ടയിലെ കുടുംബം. ഇവരെ കണ്ണനല്ലൂരിലെ ബന്ധുവീട്ടില്‍ ക്വാറന്റീനിലാക്കിയിരിക്കുകയായിരുന്നു. ക്വാറന്റീന് കാലാവധിക്കു ശേഷം ശാസ്താംകോട്ടയിലെ വീട്ടിലേക്കു പോയെങ്കിലും കഴിഞ്ഞ ദിവസം പെണ്‍കുട്ടി രോഗലക്ഷണങ്ങള്‍ പ്രകടമാകുകയായിരുന്നു.