ചെന്നൈ: നടന്‍ സൂര്യയുടെ ചിത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ ഒരുങ്ങി തീയ്യേറ്റര്‍ ഉടമകള്‍. സൂര്യ അഭിനയിച്ചതോ നിര്‍മ്മിച്ചതോ ആയ ചിത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനാണ് തമിഴ്നാട്ടിലെ തീയ്യേറ്റര്‍ ഉടമകളുടെ നീക്കം. താരത്തിന്റെ നിര്‍മ്മാണ കമ്ബനിയായ ടുഡി എന്റര്‍ടെയിന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തും.

ജ്യോതിക നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘പൊന്മകള്‍ വന്താല്‍’ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെ മാത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. തീയ്യേറ്ററുകളില്‍ റിലീസ് ചെയ്യാതെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലേക്ക് മാത്രമായി ചിത്രം റിലീസിന് ചെയ്യാന്‍ ഒരുങ്ങിയതാണ് തമിഴ്നാട് തീയ്യേറ്റര്‍ ആന്‍ഡ് മള്‍ട്ടിപ്ലക്സ് ഓണര്‍ അസോസിയേഷനെ ചൊടിപ്പിച്ചത്. ഈ ചിത്രം നിര്‍മ്മിച്ചത് സൂര്യയാണ്. ലോക്ക് ഡൗണിനെ തുടര്‍ന്നാണ് ചിത്രം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമില്‍ മാത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്.

സൂര്യയുടെ ഈ തീരുമാനം അപലപനീയമാണെന്നാണ് തീയ്യേറ്റര്‍ അസോസിയേഷന്‍ സെക്രട്ടറി പനീര്‍സെല്‍വം പറഞ്ഞത്. ഈ തീരുമാനം പുന:പരിശോധിക്കണം എന്ന് നിര്‍മാതാക്കളോട് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അതിന് ഒരുക്കമല്ലെങ്കില്‍ ആ നിര്‍മ്മാണക്കമ്ബനിയുടെയോ അതുമായി ബന്ധമുള്ളവരുടെയോ ചിത്രങ്ങള്‍ ഇനി മുതല്‍ ഓണ്‍ലൈന്‍ റിലീസ് മാത്രം ചെയ്യേണ്ടി വരുമെന്നും തീയ്യേറ്റര്‍ റിലീസ് പിന്നീട് അനുവദിക്കില്ലെന്നും പനീര്‍സെല്‍വം പറഞ്ഞു. ലോക്ക് ഡൗണിനെ തുടര്‍ന്നായിരുന്നു പൊന്‍മകള്‍ വന്താല്‍ സിനിമ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമില്‍ മാത്രം റിലീസ് ചെയ്യാനുള്ള നീക്കം ഉണ്ടായത്.