കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ കര്‍ശനമാക്കിയ എറണാകുളം ജില്ലയില്‍ പൊതു സ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചു. നിലവില്‍ പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാതെത്തിയ 210 പേര്‍ക്കെതിരെ കേസെടുത്തതായി സിറ്റി പോലീസ് അറിയിച്ചു. അതേസമയം
ജനങ്ങള്‍ക്ക് മാസ്കുകള്‍ വിതരണം ചെയ്യുകയുമുണ്ടായതായി പോലീസ് അറിയിച്ചു.
ലോക്ക്ഡൗണിന് ഇളവു നല്‍കുന്നതിന് മുന്നോടിയായാണ് എറണാകുളം ജില്ലയില്‍ പൊതു സ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കിയത്. നിലവില്‍ അന്തര്‍ സംസ്ഥാന ലോറികളെത്തുന്ന മാര്‍ക്കറ്റുകളില്‍ കൊവിഡ് പടരാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് നിര്‍ദേശം കര്‍ശനമാക്കുന്നതായി പൊലീസ് വ്യക്തമാക്കിയത്.
ഇതേതുടര്‍ന്ന് ജില്ലയിലെ പൊതു സ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കിയെന്നും സുരക്ഷിതമായ അകലം പാലിക്കണമെന്നുമാവശ്യപ്പെട്ട് പൊലീസ് ഉച്ചഭാഷിണികളിലൂടെ മുന്നറിയിപ്പ് നല്കി. നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെന്നും പരിശോധന കര്‍ശനമാക്കുമെന്നും പോലീസ് അറിയിച്ചു.