ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം കാല്‍ലക്ഷത്തിലേക്ക് നീങ്ങുന്നു എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വെള്ളിയാഴ്ച രാത്രി വരെയുള്ള കണക്കുകളാണ് ഇത്. ഇന്നലെ രാത്രി വരെ 23452 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്.

ലോക്ക് ഡൗണ്‍ നടപ്പാക്കിയിരുന്നില്ലെങ്കില്‍ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടക്കുമായിരുന്നുവെന്ന് കേന്ദ്രസ‍ര്‍ക്കാ‍ര്‍ ചൂണ്ടിക്കാട്ടുന്നു. 1752 പേര്‍ക്കുകൂടി പുതുതായി രോഗം ബാധിച്ചു. രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 724 ആയിട്ടുണ്ട്. 4813 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. 9 ലക്ഷം പേര്‍ നിരീക്ഷണത്തിലാണ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോ​ഗികളുള്ള മഹാരാഷ്ട്രയില്‍ ആകെ കൊവിഡ് മരണങ്ങള്‍ 300 കടന്നു. വെള്ളിയാഴ്ച രാത്രി വരെയുള്ള 24 മണിക്കൂറില്‍ 394 പുതിയ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോ‍ര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 18 പേര്‍ മരണപ്പെട്ടു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണങ്ങള്‍ 301 ആയി.

രാജ്യത്തെ കൊവിഡ് രോ​ഗികളില്‍ നാലിലൊന്നും മഹാരാഷ്ട്രയിലാണ് എന്നതാണ് അവസ്ഥ. മഹാരാഷ്ട്രയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 6817 ആണ്. മുംബൈയില്‍ മാത്രം 4447 കൊവിഡ് കേസുകളാണ് റിപ്പോ‍ര്‍ട്ട് ചെയ്തത്. പുതുതായി 242 കേസുകള്‍ റിപ്പോ‍ര്‍ട്ട് ചെയ്ത മുംബൈയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം മരണപ്പെട്ടത് 11 പേരാണ്. ഇതോടെ ഇന്ത്യയുടെ സാമ്ബത്തിക തലസ്ഥാനത്തുണ്ടായ കൊവിഡ് മരണങ്ങള്‍ 178 ആയി.

ഈ ഒരാഴ്ചയില്‍ കൊവിഡ് ക്രമാതീതമായി വ്യാപിച്ച ​ഗുജറാത്തിലും സ്ഥിതി​ഗതികള്‍ മോശമായി തുടരുകയാണ്. വെള്ളിയാഴ്ച രാത്രി വരെയുള്ള 24 മണിക്കൂറില്‍ 191 പുതിയ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോ‍ര്‍ട്ട് ചെയ്തത്. 15 കൊവിഡ് രോ​ഗികള്‍ മരണപ്പെട്ടു. ചികിത്സയിലുണ്ടായിരുന്ന ഏഴ് പേ‍ര്‍ രോ​ഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോ​ഗികളുടെ എണ്ണം 2815 ആയി. 265 പേ‍രാണ് രോ​ഗമുക്തി നേടിയത്. 127 രോ​ഗികള്‍ മരണപ്പെട്ടു. ചികിത്സയിലുള്ളവരില്‍ 29 പേര്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്ന് ​ഗുജറാത്ത് സര്‍ക്കാര്‍ വ്യക്തമാക്കി.