ന്യൂഡല്‍ഹി: വര്‍ഷകാലം ആരംഭിക്കുന്നതോടെ കോവിഡ് വീണ്ടും വരുമെന്ന് വിദ​ഗ്ധര്‍. ലോക്ക്ഡൗണിന് ശേഷം തുടര്‍ ആഴ്ചകളില്‍ കോവിഡ് രോഗികളുടെ എണ്ണം കുറയാനിടയുണ്ടെങ്കിലും കാലവര്‍ഷത്തിന്റെ വരവോടെ കുത്തനെ കൂടുമെന്നാണ് മുന്നറിയിപ്പ്. ജൂലായ് അവസാനത്തോടെയും ആഗസ്റ്റിലുമായിരിക്കും കോവിഡിന്റെ രണ്ടാം വരവ്.

അടച്ചിടല്‍ പിന്‍വലിച്ചതിനുശേഷം സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ എത്രത്തോളം പാലിക്കപ്പെടുന്നുണ്ട് എന്നതിനെ ആശ്രയിച്ച്‌ വ്യാപനത്തിന്റെ സമയവും തീവ്രതയും വ്യത്യാസപ്പെടാമെന്ന് ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിലെ അധ്യാപകനായ രാജേഷ് സുന്ദരേശ്വരനും യു.പി.യിലെ ശിവ് നാടാര്‍ സര്‍വകലാശാല അധ്യാപകന്‍ സമിത് ഭട്ടാചാര്യയും പറഞ്ഞു.

വര്‍ഷകാലം ഇന്ത്യയില്‍ പകര്‍ച്ചപ്പനിയുടെ കാലംകൂടിയാണ്. പനിയുടെ ആദ്യലക്ഷണംപോലും അവഗണിക്കാതെ ഹോട്‌സ്പോട്ടുകളില്‍ പരമാവധി പരിശോധനകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്. വ്യക്തിശുചിത്വത്തിനൊപ്പം മുഖാവരണം ധരിക്കലും മറ്റും ജനങ്ങളുടെ ശീലത്തിന്റെ ഭാഗമാകണം. നിയന്ത്രണങ്ങളില്‍ ഇളവുവരുന്നതോടെ രോഗികളുടെ എണ്ണംകൂടുന്നതായുള്ള അനുഭവം ചൈനയില്‍ ഉണ്ടായിട്ടുണ്ട്.

ചൈനയിലും യൂറോപ്പിലും രോഗം ഭേദമായവര്‍ക്ക് വീണ്ടും വൈറസ് ബാധയുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എല്ലാവരും രോഗഭീഷണി നേരിടുന്നവരാണ്. രോഗികളുടെ എണ്ണം ഇരട്ടിയാവുന്നതിനെടുക്കുന്ന കാലയളവ് ഇന്ത്യയില്‍ 3.4 ദിവസം എന്നത് 7.5 ദിവസമായി കൂടിയത് ആശ്വാസകരമാണ്. എങ്കിലും ലോക്ക്ഡൗണ്‍ എപ്പോള്‍, എങ്ങനെ പിന്‍വലിക്കണമെന്ന് തീരുമാനിക്കുക പ്രയാസകരമാണ്. മരുന്ന് വിപണിയിലെത്തുംവരെ ജാഗ്രത തുടരേണ്ടതുണ്ടെന്നും ഇവര്‍ വ്യക്തമാക്കി.