സൗദിയില്‍ റമദാനില്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനായി കൂടുതല്‍ മേഖലകളില്‍ ഇളവ് നല്‍കി. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായി വരുന്ന മേഖലകളിലാണ് അനുമതി.ആരോഗ്യ മന്ത്രാലയത്തിന്‍റെ നിബന്ധനകള്‍ പാലിച്ചു മാത്രമേ തുറക്കാവൂ എന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

റസ്റ്റൊറന്റുകള്‍ക്ക് പുറമെ ബൂഫിയ, കോഫി ഷോപ്പ്, ജ്യൂസ് കടകള്‍, പലഹാരക്കടകള്‍, ഐസ്ക്രീം, ചോക്ലേറ്റ് കടകള്‍ എന്നിവക്കും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. വൈകീട്ട് മൂന്നു മുതല്‍ പുലര്‍ച്ചെ മൂന്നു വരെയാണ് ഇത്തരം സ്ഥാപനങ്ങള്‍ തുറക്കാനുള്ള അനുമതി.പകല്‍ സമയങ്ങളില്‍ പ്രവര്‍ത്തിക്കാനും ചില മേഖലകളില്‍ ഇളവ് നല്‍കിയിട്ടുണ്ട്. കെട്ടിടങ്ങളിലെ റിപ്പയറിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, റോഡുകള്‍, ടണല്‍‌, പാലങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിനും അറ്റകുറ്റപ്പണികളും നടത്തുന്ന സ്ഥാപനങ്ങള്‍, ശുചീകരണ മേഖലയിലെ സ്ഥാപനങ്ങള്‍ എന്നിവക്ക് റമദാനില്‍ പ്രവര്‍ത്തിക്കാം. ലിഫ്റ്റ് അറ്റകുറ്റപ്പണി, വളര്‍ത്തു മൃഗങ്ങളുടെ വില്‍പന കേന്ദ്രങ്ങള്‍ എന്നിവക്കും റമദാനില്‍ തുറക്കാം.

കൊറോണ സാഹചര്യത്തില്‍ സ്ഥാപനങ്ങളില്‍ ആളുകള്‍ സാമൂഹിക അകലം പാലിക്കുന്നതടക്കം ഉറപ്പു വരുത്തണം. നിബന്ധന പാലിക്കാത്ത ഇരുന്നൂറോളം സ്ഥാപനങ്ങള്‍ റിയാദില്‍ ഒരാഴ്ചക്കിടെ അടപ്പിച്ചിരുന്നു. മക്കയില്‍ ഇന്നലെ മുതല്‍ ഇതുവരെ 86 സ്ഥാപനങ്ങളാണ് കൊറോണ പ്രതിരോധ നിബന്ധനകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് പൂട്ടിച്ചത്. അഞ്ച് ഷോപ്പിങ് കേന്ദ്രങ്ങള്‍, 17 റസ്റ്റൊറന്‍റുകള്‍, 44 ഭക്ഷ്യ സ്ഥാപനങ്ങള്‍, മിഠായിക്കടകള്‍, തുണിഷോപ്പുകള്‍ എന്നിവയാണ് അടപ്പിച്ചത്.