കോവിഡ് -19 ലോകത്തെ മുഴുവന്‍ സ്തംഭനാവസ്ഥയിലാക്കിയിട്ടുണ്ടെങ്കിലും, ചലച്ചിത്ര പ്രവര്‍ത്തകര്‍ ഇന്നത്തെ സാഹചര്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സ്ക്രിപ്റ്റുകളുമായി എത്തുകയാണ്. കന്നഡ ചലച്ചിത്ര സംവിധായകന്‍ ഗുരു പ്രസാദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ലോക്ക് ഡൗണ്‍. ഒരു ക്രൈം ത്രില്ലര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ചിത്രത്തിന്റെ പ്രധാന ഭാഗം ചുരുങ്ങിയ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ഉള്ള ഒരു അപ്പാര്‍ട്ട്മെന്റില്‍ ചിത്രീകരിക്കും. ലോക്ക്ഡൗണ്‍ മാറിയതിന് ശേഷം മെയ് മാസത്തില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

ഈ ചിത്രത്തിന്റെ നടനെന്ന നിലയില്‍ ഗുരു പ്രസാദ് ഡബിള്‍ റോളില്‍ എത്തുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. സംവിധായകനും നടനുമായ് ഗുരു പ്രസാദ് തിരക്കഥ എഴുതിയത് ലോക്ക് ഡൗണ്‍ കാലഘട്ടത്തിലാണ്. ഓണ്‍‌ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിലൂടെ ചിത്രം റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നതായി പറയപ്പെടുന്നു. അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും തീരുമാനിച്ചുകഴിഞ്ഞാല്‍ ഉടന്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തും.