തിരുവനന്തപുരം: അതിര്‍ത്തികളില്‍ കര്‍ശന ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കര്‍ണാടകത്തിലെ കുടകില്‍ നിന്ന് കണ്ണൂരിലെ കാട്ടിലൂടെ എത്തിയ എട്ടു പേരെ കൊറോണ കെയര്‍ സെന്ററിലേക്ക് മാറ്റി. ഈ ആഴ്ച 57 പേര്‍ കുടകില്‍ നിന്ന് നടന്ന് അതിര്‍ത്തി കടന്നെത്തി. ഇവരെയെല്ലാം ഇരിട്ടിയിലെ രണ്ട് കൊറോണ കെയര്‍ സെന്ററുകളിലായി പാര്‍പ്പിച്ചിരിക്കുകയാണ്. കോവിഡ് ഇതര രോഗമുള്ളവര്‍ക്ക് ജീവന്‍രക്ഷാ മരുന്നുകള്‍ ലഭ്യമാക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ വഴി നടപടിയെടുക്കും.

ലോക്ക്ഡൗണില്‍ വരുമാനം നിലച്ച നിര്‍ധനരായ ഡയാലിസിസ്, അവയവമാറ്റം, അര്‍ബുദ രോഗികള്‍ക്ക് ഇന്‍സുലില്‍ ഉള്‍പ്പെടെ ആവശ്യമായ മരുന്നുകള്‍ എത്തിക്കുന്നതിന് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് കാലതാമസം ഉണ്ടായാല്‍ കാരുണ്യ നീതി സ്‌റ്റോറുകളില്‍ നിന്ന് വാങ്ങാന്‍ അനുമതി നല്‍കി. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്ക് 41 കോടി രൂപ അനുവദിച്ചു. 82 നഗരസഭകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സാമ്ബത്തിക സഹായം നല്‍കാന്‍ 15 കോടി രൂപ കൂടി അനുവദിച്ചു. ഇതോടെ ആകെ 27.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

കേരള തയ്യല്‍ തൊഴിലാളി ക്ഷേമബോര്‍ഡ് അംഗങ്ങള്‍ക്ക് സഹായം ലഭ്യമാക്കുന്നതിന് 9.70 കോടി രൂപ അനുവദിച്ചു. മൂന്നാറില്‍ റേഷന്‍ വിതരണത്തില്‍ ക്രമക്കേട് നടത്തിയ ത്യാഗരാജന്‍ എന്നയാളെ അറസ്റ്റ് ചെയ്തു. കടയുടെ അംഗീകാരം റദ്ദാക്കി. വാഹനത്തില്‍ കടത്തിയ 67 ചാക്ക് റേഷന്‍ ധാന്യം പിടികൂടി. അനധികൃതമായി കടത്തിയ ഗോതമ്ബും പച്ചരിയും പിടിച്ചെടുത്തു. വ്യവസായ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ 307 ഏക്കര്‍ സ്ഥലത്ത് പച്ചക്കറി, കിഴങ്ങ്, വാഴ കൃഷി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.