കൊവിഡ് ഇതര രോഗം ബാധിച്ചവര്‍ക്ക് ജീവന്‍ രക്ഷാ മരുന്നുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ലോക്ക്ഡൗണ്‍ മൂലം വരുമാനം നിലച്ച നിര്‍ദ്ധനരായ ഡയാലിസിസ് രോഗികള്‍, അവയവം മാറ്റിവച്ച മറ്റ് രോഗികള്‍, അര്‍ബുദ രോഗബാധിതര്‍ എന്നിവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇന്‍സുലിന്‍ ഉള്‍പ്പെടെയുള്ള അത്യാവശ്യ മരുന്നുകള്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനില്‍ നിന്ന് ലഭിക്കുവാന്‍ കാലതാമസം വരുന്നുണ്ടെങ്കില്‍ കാരുണ്യ, നീതി സ്റ്റോറുകളില്‍ നിന്ന് വാങ്ങുന്നതിനുള്ള അനുമതിയും തദ്ദേശ സ്വയംഭരണ വകുപ്പിന് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആരംഭിച്ച 22 കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍ക്ക് പുറമേ മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം തമിഴ്‌നാട്ടിലെ കന്യാകുമാരിയിലും ചികിത്സാ കേന്ദ്രം സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. തമിഴ്‌നാട് സര്‍ക്കാരിന്റെ സഹകരണത്തോടെ തിരുവനന്തപുരം ആര്‍.സി.സി.യുടെ നേതൃത്വത്തിലാണ് കന്യാകുമാരി ജില്ലാ ആശുപത്രിയിയെ കാന്‍സര്‍ ചികിത്സാ കേന്ദ്രമാക്കുന്നത്. കന്യാകുമാരിയിലേയും സമീപ ജില്ലകളിലേയും രോഗികള്‍ക്ക് ഇത് ആശ്വാസകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.