വാഷിങ്ടണ്‍ ഡി.സി: കോവിഡിനെതിരെ പോരാട്ടം നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ നിയമം കൊണ്ടുവന്ന ഇന്ത്യയെ അഭിനന്ദിച്ച്‌ അമേരിക്ക. ബ്യൂറോ ഒാഫ് സൗത്ത് ആന്‍ഡ് സെന്‍ട്രല്‍ ഏഷ്യന്‍ അഫേഴ്സ് അസിസ്റ്റന്‍റ് സെക്രട്ടറി ആലിസ് വെല്‍ ആണ് അഭിനന്ദനം അറിയിച്ചത്. ജനങ്ങളെ സംരക്ഷിക്കാനായി അക്ഷീണം പ്രയത്നിക്കുന്നവരാണ് ആരോഗ്യ പ്രവര്‍ത്തകരെന്ന് ആലിസ് വെല്‍ ചൂണ്ടിക്കാട്ടി.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ 120ലേറെ വര്‍ഷം പഴക്കമുള്ള 1897ലെ എപ്പിഡെമിക് ഡിസീസസ് ആക്ടില്‍ ഭേദഗതി വരുത്തിയാണ് ഇന്ത്യ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നത് ജാമ്യമില്ലാ കുറ്റകൃത്യമായി കണക്കാക്കും. ഗൗരവമുള്ള കേസുകളില്‍ കുറ്റക്കാര്‍ക്ക് ഏഴ് വര്‍ഷം വരെ തടവാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.

കുറ്റകൃത്യത്തി​​ന്‍റെ ഗൗരവമനുസരിച്ച്‌ ആറു മാസം മുതല്‍ ഏഴു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. 50,000 മുതല്‍ അഞ്ച് ലക്ഷം രൂപ വരെ പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്. ആക്രമണത്തി​​ന്‍റെ സ്വഭാവം ഗൗരവമുള്ളതല്ലെങ്കില്‍ കുറ്റക്കാരില്‍ നിന്ന് അമ്ബതിനായിരം മുതല്‍ രണ്ട് ലക്ഷം രൂപ വരെ പിഴയീടാക്കും. ഗൗരവകരമായ ആക്രമണം ആണെങ്കില്‍ അഞ്ച് ലക്ഷം രൂപ വരെ പിഴയീടാക്കാം.

ആരോഗ്യ പ്രവര്‍ത്തകരുടെയോ സ്ഥാപനങ്ങളുടെയോ വാഹനങ്ങള്‍ക്ക് കേടുപാട്​ വരുത്തിയാല്‍ വാഹനത്തിന്‍റെ മാര്‍ക്കറ്റ് വിലയുടെ ഇരട്ടിവില കുറ്റക്കാരില്‍ നിന്ന് ഈടാക്കും. 30 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കണം.